മോഡേണ്‍ കള്ളുപാട്ട് ട്രെൻഡ് സെറ്റർ ആകുമെന്നാണ് പ്രതീക്ഷ; ഹയയുടെ വിശേഷങ്ങളുമായി സംഗീത സംവിധായകൻ വരുൺ സുനിൽ

കാമ്പസ് മ്യൂസിക്കൽ ത്രില്ലർ ചിത്രമായ ഹയയിലെ നാല് ഗാനങ്ങളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മസാല കോഫി എന്ന മ്യൂസിക്ക് ബാന്റിലൂടെ പ്രശസ്തനായ വരുൺ സുനിലാണ്. ഹയയിലെ മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയ ഗാനത്തിന് മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സതീഷ് ഇടമണ്ണേലിൻ്റെ വരികൾ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവർക്കൊപ്പം വരുൺ സുനിലും കൂടി ചേർന്നാണ്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ വരുൺ സുനിൽ ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
മ്യൂസിക് ബാന്റിന്റെ പേര് മസാല കോഫി എന്നാണല്ലോ. എങ്ങനെയാണ് തീർത്തും വ്യത്യസ്തമായ ഈ പേരിലേക്ക് എത്തിപ്പെട്ടത്?
2014 ൽ മുംബൈയിലെ ഒരു സ്റ്റുഡിയോയിലിരുക്കുമ്പോഴാണ് ഒരു ചായക്കടക്കാരൻ മസാല ചായയുമായെത്തിയത്. ആ സമയത്ത് മ്യൂസിക് ബാന്റിനു വേണ്ടിയുള്ള പേരുകൾ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് മസാല ചായയെന്ന് പേരിട്ടുകൂടെ എന്ന് ചോദിച്ചത്. അങ്ങനെയാണ് അതിൽ ചെറിയ മാറ്റം വരുത്തി മ്യൂസിക് ബാന്റിന് മസാല കോഫി എന്ന് പേരിടുന്നത്. മസാല ചായ എന്ന പ്രയോഗം എല്ലാവർക്കും അറിയാവുന്നതിനാലാണ് മസാല കോഫി എന്നാക്കിയത്. ഭാഗ്യവശാൽ അത് സംഗീത പ്രേമികൾ ഏറ്റെടുക്കുകയും ചെയ്തു.
ഹയയിൽ 8 പാട്ടുകളാണുള്ളത്. പരിമിതമായ സമയത്തിനുള്ളിൽ ഇത്രയധികം പാട്ടുകൾ എങ്ങനെ കംപോസ് ചെയ്യാൻ പറ്റുന്നു?. അതും തീർത്തും വ്യത്യസ്തങ്ങളായ പാട്ടുകൾ?
ഒരു സിനിമയിൽ എട്ട് പാട്ടുകൾ ചിട്ടപ്പെടുത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. എ.ആർ റഹ്മാനെ മനസിൽ ധ്യാനിച്ചുകൊണ്ടാണ് ഈ പാട്ടുകളൊക്കെ ചിട്ടപ്പെടുത്തിയത്. ഇതിലെ പാട്ടുകളെല്ലാം പല ടൈപ്പിലുള്ളതാണ്. സംവിധായകൻ പറഞ്ഞതനുസരിച്ച് സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലാണ് പാട്ടുകൾ കംപോസ് ചെയ്തിരിക്കുന്നത്.
ചിട്ടപ്പെടുത്തിയ എട്ട് പാട്ടുകളിലെ പേഴ്സണൽ ഫേവറൈറ്റ് ഏതാണ്?
ഹയ എന്ന ചിത്രത്തിൽ നിരവധി പാട്ടുകളുണ്ടെങ്കിലും കൂടേ ഒഴുകിവാ, കാറ്റേ കുളിരുമായ് എന്ന പാട്ടാണ് എന്റെ പേഴ്സണർ ഫേവറൈറ്റ്. ആ സോങ് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ചിത്രച്ചേച്ചിയെക്കൊണ്ട് പാടിക്കുക എന്നത് എല്ലാ സംഗീത സംവിധായകരുടെയും വലിയ ആഗ്രഹമാണ്. ആ എക്സീപിയൻസ് എങ്ങനെ ഓർക്കുന്നു?
ചിത്ര ചേച്ചിക്കൊപ്പം ഒന്നര വർഷം മുമ്പ് വർക്ക് ചെയ്തിട്ടുണ്ട്. ആ ഒരു ബന്ധം ചേച്ചിയുമായുണ്ട്. മസാല കോഫിയുടെ കാര്യം പറഞ്ഞപ്പോൾ ചേച്ചി വളരെ ഹാപ്പിയായി. ചേച്ചിയെക്കൊണ്ട് പാടിക്കാൻ കഴിഞ്ഞുവെന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ഇത് ഒരു താരാട്ട് പാട്ടാണ്. അത് ചേച്ചി തന്നെ പാടണം, ആ ശബ്ദത്തിൽ പുറത്തുവരണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അത് സാധ്യമായി.
പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടാൽ പടവും ശ്രദ്ധിക്കപ്പെടും എന്നുള്ള ഒരു സങ്കൽപ്പമുണ്ട് സിനിമാക്കാർക്കിടയിൽ. കള്ള് പാട്ട് ട്രെൻഡ് സെക്ടർ ആവുമോ?
ഹയയിലെ കള്ള് പാട്ട് ട്രെൻഡ് സെക്ടർ ആകുമെന്ന് മനസറിഞ്ഞ് പ്രതീക്ഷിക്കുന്നു. മലയാളികൾക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഏത് തരത്തിലുള്ള സംഗീതവും സ്വീകരിക്കുന്നവരാണ് മലയാളികൾ. എല്ലാ ഭാഷകളിലുള്ള പാട്ടുകളും കേൾക്കുന്ന മലയാളികൾ കള്ള് പാട്ട് ഏറ്റെടുക്കമെന്നാണ് കരുതുന്നത്.
കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രത്തിലെ കനവേ നീ താൻ എന്ന പാട്ട് വളരെ ശ്രദ്ധിക്കപ്പെട്ടു. ആ പാട്ട് ചെയ്യുമ്പോഴുള്ള എക്സ്പീരിയൻസ്?
ദുൽഖറിന്റെ ബ്രേക്കപ്പ് സോങ് എന്ന രീതിയിലാണ് കനവേ നീ താൻ എന്ന പാട്ട് വരുന്നത്. ഹൃദയത്തെ അത്രമേൽ സ്പർശിക്കുന്ന പാട്ട് തന്നെ ആ സീനിൽ വേണമായിരുന്നു. അങ്ങനെയാണ് ആ മെലഡി സോങ് പിറക്കുന്നത്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ പിയാനോയുടെ സഹായത്തോടെ ചെയ്ത പാട്ടാണത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ ആ സോങ് സൂപ്പർ ഹിറ്റായി.
Read More: ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ
ഏതൊക്കെയാണ് വരാൻ പോകുന്ന പ്രോജക്ടുകൾ?
ഒരു ബോളിവുഡ് സിനിമ ചെയ്യാൻ പോവുകയാണ്. അതിന്റെ പേരും മറ്റ് വിവരങ്ങളും പുറത്തുപറയാറായിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു സിനിമയും വരുന്നുണ്ട്. അഞ്ച് ഭാഷകളിലാണ് ആ സിനിമ വരുന്നത്. മസാല കോഫിയുടെ ഏറ്റവും പുതിയ മ്യൂസിക് വിഡിയോയും ഉടൻ പുറത്തിറക്കണം. അതിന്റെ വർക്കും പുരോഗമിക്കുകയാണ്.
Story Highlights: Haya kallu pattu varun sunil interview