കാന്താരയുടെ തേരോട്ടം തുടരുന്നു; 400 കോടി ക്ലബ്ബിലേക്ക് അടുത്ത് ചിത്രം
സമാനതകളില്ലാത്ത വിജയമാണ് കന്നട ചിത്രം ‘കാന്താര’ നേടിക്കൊണ്ടിരിക്കുന്നത്. ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു. സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ കന്നട പതിപ്പ് വലിയ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റി പ്രദർശനത്തിനെത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ വിവിധ ഭാഷ പതിപ്പുകൾ വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ കളക്ഷൻ 400 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്ന ചിത്രം ഈ വാരാന്ത്യത്തോട് കൂടി 400 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
നേരത്തെ സൂപ്പർ ഹിറ്റായ കെജിഎഫ് 2 വിന്റെ വലിയൊരു റെക്കോർഡ് കാന്താര സ്വന്തമാക്കിയിരുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!
നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു. “കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Story Highlights: Kanthara collection near 400 crores