ബിലാലല്ല, മാത്യു ദേവസ്സി; ‘ബിഗ് ബി’ തീം സോങിൽ ‘കാതൽ’ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വിഡിയോ വൈറലാവുന്നു

നടൻ മമ്മൂട്ടിയുടെ നിർമ്മാണകമ്പനിയായ ‘മമ്മൂട്ടി കമ്പനി’ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാതൽ ദി കോർ.’ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ നായികയാവുന്നത് ജ്യോതികയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റർ പങ്കുവെച്ച് നടൻ മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോയാണ് പോസ്റ്ററിലുണ്ടായിരുന്നത്.
ഇപ്പോൾ കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കി സെറ്റിൽ നിന്നും മടങ്ങുന്ന മമ്മൂട്ടിയാണ് വിഡിയോയിലുള്ളത്. കാരവാനിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വിഡിയോയുടെ പശ്ചാത്തലത്തിൽ ബിഗ് ബിയിലെ തീം സോങ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഈ വിഡിയോ. മമ്മൂട്ടി കമ്പനി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേ സമയം മമ്മൂട്ടി കമ്പനി ഒരു പിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ തിയേറ്ററുകളിൽ സിനിമ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘റോഷാക്ക്’ വമ്പൻ വിജയമായി മാറിയിരുന്നു.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കിയ ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ബിന്ദു പണിക്കരും അമ്പരപ്പിക്കുന്ന അഭിനയ മികവാണ് ചിത്രത്തിൽ പുറത്തെടുത്തത്.
Story Highlights: Kathal location video goes viral