ഒരക്ഷരം മിണ്ടില്ല; പക്ഷേ ടിക് ടോക്കിൽ ഒരു പോസ്റ്റിന് ഈ ചെറുപ്പക്കാരൻ നേടുന്നത് ആറുകോടി രൂപ!
ടിക് ടോക് സജീവമായിരുന്ന സമയം തൊട്ട് ആളുകൾ കണ്ടിരുന്ന ഒരു മുഖമാണ് ഖാബി ലാമേ എന്ന വ്യക്തിയുടേത്. ആ മുഖം എന്ന് പ്രത്യേകം പറഞ്ഞത്, അദ്ദേഹത്തിന്റെ ശബ്ദം ആരും കേട്ടിട്ടില്ല എന്നുള്ളതിനാലാണ്. വിഡിയോകളിൽ ഒരക്ഷരം മിണ്ടില്ല കക്ഷി.ഖബാനെ ലാമേ എന്നാണ് യഥാർത്ഥ പേര്. സെനഗലിൽ ജനിച്ച് 2001 ൽ കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് കുടിയേറിയ ഇദ്ദേഹം, കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കത്തിൽ ടിക് ടോക്കിൽ സജീവമാകുകയായിരുന്നു. നിശബ്ദമായ സ്കിറ്റുകളും ഹാർഡ്പാൻ ഹ്യൂമറും ഉപയോഗിച്ച് അദ്ദേഹം പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നു.
അദ്ദേഹത്തിന്റെ കൈകൊണ്ടുള്ള ഒരു ചേഷ്ടയിലൂടെ മാത്രം ഈ നിശ്ശബ്ദനായ താരത്തെ ആളുകൾ തിരിച്ചറിയാറുണ്ട്. ഇപ്പോഴിതാ, ഒരക്ഷരം മിണ്ടാതെ ഇദ്ദേഹം ടിക് ടോക്കിൽ നിന്നും സമ്പാദിക്കുന്നത് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ടിക് ടോക്കിൽ 160 ദശലക്ഷം ഫോളോവേഴ്സിസിലേക്ക് എത്തിയിരിക്കുകയാണ് ഇദ്ദേഹം.
ടിക് ടോക്കിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഖാബി ലാമേ താൻ ഒരു പോസ്റ്റിന് എത്രമാത്രം സമ്പാദിക്കുന്നുവെന്ന് വെളിപ്പെടുത്തി. ഒരു ടിക് ടോക്ക് വിഡിയോയ്ക്കായി ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹം 750,000 ഡോളർ സമ്പാദിച്ചതായും രേഖകൾ വെളിപ്പെടുത്തി. അതായത് ആറുകോടി രൂപ! ലാമിന്റെ മാനേജർ അലസ്സാൻഡ്രോ റിഗ്ഗിയോയാണ് ഈ 22-കാരൻ ഈ വർഷം 10 മില്യൺ ഡോളർ സമ്പാദിക്കാനുള്ള വഴിയിലാണെന്ന് വെളിപ്പെടുത്തിയത്.
ടിക് ടോക്കിൽ ആരംഭിക്കുമ്പോൾ 20 വയസ്സുള്ള പിരിച്ചുവിട്ട ഫാക്ടറി തൊഴിലാളിയായിരുന്ന ഖാബി, ലളിതവും സാമാന്യബുദ്ധിയുള്ളതുമായ പരിഹാരങ്ങൾ ഉപയോഗിച്ച് ടിക് ടോക്കിലെ അതിസങ്കീർണ്ണമായ “ലൈഫ് ഹാക്ക്” വിഡിയോകളെ രസകരമായി പരിഹസിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ അതിശയോക്തി കലർന്ന മുഖഭാവങ്ങളും കോമിക് ടൈമിംഗും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.
ലേമിന്റെ മാനേജർ പറയുന്നത് ഖാബി പണത്തിൽ ആകർഷണീയനല്ല എന്നാണ്. “അവൻ ദരിദ്രനായിരുന്നു, ബാങ്കിൽ എത്ര ബാലൻസ് എത്രയുണ്ടെന്ന് അവനറിയില്ല. അവൻ അതൊന്നും കാര്യമാക്കുന്നില്ല- മാനേജർ പറയുന്നു. ‘എനിക്ക് ആളുകളെ ചിരിപ്പിക്കാൻ ഇഷ്ടമാണ്. ഞാൻ എന്റെ കുടുംബത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ കമ്പനിയെ സ്നേഹിക്കുന്നു’ -ഇതാണ് ഖാബിയുടെ നയം.
Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്
അമേരിക്കൻ കാർട്ടൂണുകളും സിനിമകളും കണ്ട് ലാമേ ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുകയാണ്. ഒരു ദിവസം ഒരു നടനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വിൽ സ്മിത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുക എന്നതാണ് ഖാബിയുടെ ആത്യന്തിക ലക്ഷ്യം.
Story highlights- Khaby Lame, TikTok’s most-followed star