“സീറ്റിൽ നിന്ന് എഴുന്നേറ്റിട്ടില്ല, എന്തൊരു അനുഭവമാണ് ഈ ചിത്രം..”; റോഷാക്കിന് വലിയ പ്രശംസയുമായി മൃണാള്‍ ഠാക്കൂർ

റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രശംസയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ നേടുന്നത്. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം.
നവംബർ 11 നാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം ഓൺലൈനായി റിലീസ് ചെയ്തത്. തിയേറ്ററുകളിൽ സിനിമ കാണാൻ കഴിയാത്ത പലരും ഇപ്പോഴാണ് ചിത്രം കാണുന്നത്. അത് കൊണ്ട് തന്നെ കൂടുതൽ പ്രശംസയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി മൃണാള്‍ ഠാക്കൂർ റോഷാക്കിനെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
“എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഉള്ളിൽ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍..”- മൃണാൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Read More: ഞാൻ ഇതുവരെ കരയാത്ത വിധം കൂടുതൽ കണ്ണുനീർ നിറഞ്ഞ ഒരു വർഷം..-കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ
നേരത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്. അതേ സമയം നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ നിരവധി മേക്കിങ് വിഡിയോകളും ലൊക്കേഷൻ വിഡിയോകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. നിസാം ബഷീർ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറുകയായിരുന്നു തിയേറ്ററുകളിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയ്ക്കൊപ്പം ബോക്സോഫീസിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
Story Highlights: Mrinal thakur praise for rorschach