കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’- റിവ്യൂ
ഹാസ്യം, രാഷ്ട്രീയം, വിശ്വാസം, എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കി ബിജിത് ബാല സംവിധാനം ചെയ്ത പൊളിറ്റിക്കൽ സറ്റയർ മൂവിയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. നവംബർ 24 ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആൻ ശീതൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കാണാനെത്തിയവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണെന്നതാണ് ആകർഷണീയം. ഏറെ നാളുകൾക്ക് ശേഷം നല്ലൊരു നാടൻ സിനിമ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.
ത്രില്ലർ ചിത്രങ്ങൾ കണ്ട് മടുത്ത പ്രേക്ഷകരുടെ മുന്നിലേക്കാണ് ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തുകൊണ്ട് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എത്തിയിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുംന്തറയാണ്.
കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള വിഷയങ്ങൾ വിതറിയിട്ടുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിനേശനാണ് ഈ സിനിമയിലെ കഥാനായകൻ. സഖാവായ ദിനേശന്റെ സഖി രേണുകയാണ്. പാർട്ടിയും പാർട്ടി പരിപാടികളുമായി നടക്കുന്ന ദിനേശന്റെ സുഹൃത്തുക്കളാണ് ഇന്ദു, കെ.കെ എന്ന കേരളകുമാരൻ, ഗിരി, ഗുണ്ട് സജി എന്നിവർ. വീടും നാടും പാർട്ടിയുമായി നടക്കുന്ന ദിനേശൻ ഒരു അദ്ധ്യാപകനാണ് എങ്കിലും ജോലി സ്ഥിരമായിട്ടില്ല. ഒരു വശത്ത് വീട് പണി നടക്കുന്നുണ്ട് എന്നാൽ ലോൺ സാൻക്ഷനായിട്ടില്ല. മറുവശത്ത് രേണുകയുമായുള്ള പ്രണയത്തിനും വിവാഹത്തിനും ഇടയിൽ പ്രതീക്ഷിക്കാതെ വന്നുപെടുന്ന ധന നഷ്ടങ്ങളും.
രാഷ്ട്രീയം പ്രമേയമായെത്തുന്ന ചിത്രങ്ങൾ യുവാക്കൾക്കെപ്പോഴും ഹരമാണ്. ചോരത്തളപ്പിന്റെ പ്രായത്തിൽ സിരയിലൂടെ കട്ടചോരയൊഴുക്കുന്ന രാഷ്ട്രീയ ചിത്രങ്ങൾ കാണുമ്പോൾ കിട്ടുന്ന ആവേശം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ഒരു പൊളിറ്റിക്കൽ സറ്റയർ ചിത്രമാണ്. എന്നാൽ രാഷ്ട്രീയ ചിത്രങ്ങളിൽ പൊതുവെ കാണുന്ന ഘടകങ്ങൾക്കപ്പുറം ചുടു ചോരയുടെ ഗന്ധം പകരുന്ന മർമ്മ പ്രധാന വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്ത് പറയേണ്ട ഘടകം.
ചിത്രത്തിലുടനീളം നർമ്മം നിറഞ്ഞു നിൽക്കുന്നതായി കാണാം. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ഒരു ആക്ഷേപഹാസ്യ ചിത്രമായതിനാൽ നർമ്മത്തിനുള്ള പ്രാധാന്യം ചെറുതല്ല. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രം പാതിവെന്ത പരുവത്തിലല്ല പകരം പൂർണ്ണമായും ആസ്വദിക്കാൻ തക്കവണ്ണമാണ് അവതരിപ്പിച്ചിരിക്കുന്നത്. കോമഡി അവതരിപ്പിക്കുന്നതിൽ കിരീടം കരസ്ഥമാക്കിയ ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ എന്നിവരാണ് ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
Read More: ഇനി പുരസ്കാരങ്ങൾ നിരത്തിവയ്ക്കാൻ ഇടമായി-നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം
‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് നേടിയ ചിത്രം എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു സിനിമയാണ്. കണ്ണൂരിന്റെ മനോഹാര്യത ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിഷ്ണു പ്രസാദാണ്. ഒരുപാട് നല്ല സിനിമകളുടെ എഡിറ്റിംഗ് ചെയ്ത കിരൺ ദാസാണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. 9 ഗാനങ്ങളോടെ എത്തിയ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനും പശ്ചാത്തല സംഗീതം രാം ശരത്തും കൈകാര്യം ചെയ്തു. ബി.കെ ഹരിനാരായണന്റെതാണ് വരികൾ. രമ്യ നമ്പീശനും കെ എസ് ഹരിശങ്കറും ചേർന്നാലപിച്ച ‘എന്ത് പാങ്ങ് എന്ത് പാങ്ങ് ‘ എന്ന ഗാനം പ്രേക്ഷക ഹൃദയങ്ങൾ ഇതിനോടകം കീഴടക്കിയിട്ടുണ്ട്.
Story Highlights: Padachone ingale katholi review