ഒടുവിൽ ഒരുമിച്ച് ഒരു ലെമൺ ടീ കുടിച്ചു; ബാലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം
അടുത്തിടെ മലയാളികൾ ഏറെ ആഘോഷിച്ച വൈറൽ ഡയലോഗായിരുന്നു “നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്” എന്നത്. ഒരു ചാനൽ പരിപാടിക്കിടയിൽ നടൻ ടിനി ടോം പറഞ്ഞ ഈ ഡയലോഗ് വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബാല സംവിധാനം ചെയ്ത ‘ദ് ഹിറ്റ്ലിസ്റ്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിച്ചപ്പോൾ ബാല പറഞ്ഞ കാര്യങ്ങളെ തമാശ കലർത്തി അവതരിപ്പിക്കുകയായിരുന്നു ടിനി ടോം. ഈ ഡയലോഗ് വെച്ചുള്ള ട്രോളുകളും മീമുകളുമായിരുന്നു കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.
ഇപ്പോൾ ടിനി ടോം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മറ്റൊരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. ബാലയ്ക്കൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. “ഒരുമിച്ച് ഒരു യാത്ര. സുഹൃത്തുക്കള്‍ എക്കാലത്തേക്കും ഉള്ളതാണ്. ഇപ്പൊ എടുത്തത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു ലെമണ്‍ ടീ കുടിക്കുകയും ചെയ്തു”-ചിത്രം പങ്കുവെച്ചു കൊണ്ട് ടിനി ടോം കുറിച്ചു. നടൻ ഉണ്ണി മുകുന്ദനും ഇരുവർക്കുമൊപ്പം ചിത്രത്തിലുണ്ട്.
അതേ സമയം ഡയലോഗ് വൈറലായതിന് ശേഷം നടൻ ബാല ഫ്ളവേഴ്സ് ടിവിയുടെ സ്റ്റാർ മാജിക്ക് വേദിയിലെത്തിയ എപ്പിസോഡ് ശ്രദ്ധേയമായി മാറിയിരുന്നു. വേദിയിൽവെച്ച് ടിനി ടോമിനെ ലൈവായി ഫോൺ ചെയ്യുകയും ചെയ്തു നടൻ. ഈ ഡയലോഗ് വൈറലായതോടെ ‘പോലീസുകാർ വരെ ലെമൺ ടീ’ ചോദിച്ചുവെന്നും നടൻ പറയുകയാണ്. വളരെ രസകരമാണ് ബാലയുടെ പ്രതികരണവും മറ്റു താരങ്ങളുടെ ചോദ്യങ്ങളും.
Read More: ‘പോലീസുകാർ വരെ ലെമൺ ടീ ചോദിച്ചു..’- വൈറൽ ഡയലോഗിനെക്കുറിച്ച് നടൻ ബാല
വൈറലായ തന്റെ ഡയലോഗും ബാല ഈ എപ്പിസോഡിൽ ആവർത്തിക്കുന്നുണ്ട്. അതേ സമയം മലയാള ടെലിവിഷനിൽ ഏറെ ആഘോഷിക്കപ്പെട്ട കോമഡി ഷോകളിലൊന്നാണ് സ്റ്റാർ മാജിക്. രസകരമായ ഗെയിമുകൾക്കും സ്കിറ്റുകൾക്കും പുറമെ സിനിമ-സീരിയൽ മേഖലകളിൽ നിന്നുള്ള താരങ്ങളും ഷോയിൽ അതിഥികളായി പങ്കെടുക്കാറുണ്ട്.
Story Highlights: Tini tom shares pic with bala and unni mukundan