“ഈ ഗാനം അങ്ങേയ്ക്ക് വേണ്ടി..”; പെലെയുടെ ഓർമ്മകൾക്ക് സംഗീതത്തിലൂടെ സമർപ്പണമേകി ഏ.ആർ റഹ്‌മാൻ

December 30, 2022

ഇതിഹാസ താരം പെലെയുടെ ഓർമ്മകളിൽ വിതുമ്പുകയാണ് ലോകം. കായിക ലോകത്ത് ഒരു വലിയ വിടവ് അവശേഷിപ്പിച്ചു കൊണ്ടാണ് താരം വിടവാങ്ങിയത്. നിരവധി പ്രമുഖരാണ് പെലെയ്ക്ക് ആദരാഞ്ജലികൾ നേർന്ന് രംഗത്ത് വന്നത്. പ്രമുഖ ഫുട്‌ബോൾ താരങ്ങളായ മെസി, റൊണാൾഡോ, നെയ്‌മർ, എംബാപ്പെ തുടങ്ങിയവരൊക്കെ സമൂഹമാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇന്ത്യയുടെ സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ പെലെയ്ക്ക് ആദരാഞ്ജലികൾ നേർന്ന് പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. പെലെയ്ക്ക് ഒരു ഗാനമാണ് റഹ്‌മാൻ സമർപ്പിച്ചത്. പെലെയുടെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’ എന്ന ചിത്രത്തിന്റെ സംഗീതം റഹ്‌മാനാണ് നിർവഹിച്ചത്. 2016 ൽ റിലീസ് ചെയ്‌ത ചിത്രത്തിൽ അദ്ദേഹം ഗാനം ആലപിച്ചിട്ടുമുണ്ട്. ഈ ഗാനമാണ് റഹ്‌മാൻ പെലെയ്ക്ക് സമർപ്പിച്ചത്.

അതേ സമയം കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത കോടിക്കണക്കിന് ആളുകളെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ബ്രസീലിന്റെ ഇതിഹാസ താരം പെലെ അന്തരിച്ചത്. 82 വയസായിരുന്നു അദ്ദേഹത്തിന്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. പെലെയുടെ മകളും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More: ഒരേയൊരു രാജാവ്; പെലെയ്ക്ക് ഹൃദയഭേദകമായ വിടവാങ്ങൽ കുറിപ്പുമായി മെസിയും നെയ്‌മറും, നിലയ്ക്കാത്ത സ്നേഹത്തിന് നന്ദി പറഞ്ഞ് റൊണാൾഡോ

എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു പെലെയുടെ യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ പെലെ അംഗമായിരുന്നു. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

Story Highlights: A.r.rahman dedicates song to pele