മോഹൻലാലിൻറെ ‘എലോണി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ-ഷാജി കൈലാസ് ചിത്രം

December 11, 2022

12 വർഷങ്ങൾക്ക് ശേഷം സൂപ്പർ താരം മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ.’ മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയ മോഹൻലാലും ഷാജി കൈലാസും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോൾ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഷാജി കൈലാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും സ്റ്റിലുമൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മീശ പിരിച്ചു നിൽക്കുന്ന മോഹൻലാലിനെയാണ് സ്റ്റിലിൽ കാണാൻ കഴിയുന്നത്. “STRONGER “than “YESTERDAY” എന്ന് കുറിച്ച് കൊണ്ടാണ് ഷാജി കൈലാസ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ പുറത്തു വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേ സമയം കാപ്പയാണ് ഷാജി കൈലാസിന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Read More: “ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

Story Highlights: Alone completes certification