ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേരിനെ അന്വർഥമാക്കി ‘ആനന്ദം പരമാനന്ദം’- റിവ്യു

December 23, 2022

മലയാളത്തിന്റെ ഹിറ്റ് സംവിധായകനായ ഷാഫി ഏറെ നാളുകൾക്ക് ശേഷം മറ്റൊരു മനോഹര ചിത്രവുമായി എത്തിയിരിക്കുകയാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ആനന്ദം പരമാനന്ദം.’ ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍നറായി ഒരുങ്ങിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ കൈയടി ഏറ്റുവാങ്ങുകയാണ്.

പോസ്റ്റുമാനായി വിരമിച്ച ദിവാകര കുറുപ്പ് ഒരു സ്ഥിരം മദ്യപാനിയാണ്. കുറുപ്പിന്റെ മദ്യപാനം ചുറ്റുമുള്ളവർക്കും വലിയ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്‌. കുറുപ്പിന്റെ മകൾക്ക് വരുന്ന പല കല്യാണാലോചനകളും കുറുപ്പിന്റെ മദ്യപാനം കാരണം മുടങ്ങി പോവുകയാണ്. മദ്യപാനിയായ പ്രവാസി യുവാവായ ഗിരീഷിന് കുറുപ്പിന്റെ മകളായ അനുപമയോട് പ്രണയം തോന്നുന്നു. ഗീരീഷ് വിവാഹാലോചനയുമായി സമീപിക്കുന്നുവെങ്കിലും അത് ദിവാകര കുറുപ്പ് എതിര്‍ക്കുന്നു. അച്ഛൻ മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ ഗിരീഷുമായുള്ള വിവാഹത്തിന് താൻ തയ്യാറാകുമെന്ന് അനുപമ പറയുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. നർമ്മത്തിൽ പൊതിഞ്ഞ സന്ദർഭങ്ങളാണ് ചിത്രത്തിൽ ഏറെയുമുള്ളത്. പല രംഗങ്ങളും തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയത്തെ കൂടി ചിത്രം കൈകാര്യം ചെയ്‌തിരിക്കുന്നു.

കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് മികച്ച ദൃശ്യഭാഷയാണ് ഷാഫി ഒരുക്കിയിരിക്കുന്നത്. എം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദിവാകര കുറുപ്പായി ഇന്ദ്രൻസ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമ്പോൾ ഗിരീഷായി ഷറഫുദ്ദീനും കൈയടി ഏറ്റുവാങ്ങുന്നുണ്ട്. അജു വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

Read More: കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-ലിജോ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു; പങ്കുവെച്ച് മോഹൻലാൽ

മനോഹരമായ ഒരു കഥയെ ഒട്ടും വിരസതയില്ലാതെ അവതരിപ്പിക്കുന്നതിൽ മനോജ് പിള്ളയുടെ ഛായാഗ്രാഹണവും ഷാൻ റഹ്‌മാന്റെ സംഗീതവും വലിയ പങ്ക് വഹിക്കുന്നുണ്ട്. മനു മഞ്‍ജിത്ത് എഴുതിയ മനോഹര ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കുടുംബ പ്രേക്ഷകർ ഇപ്പോൾ തന്നെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Story Highlights: Anandam paramanandam movie review