ക്രിസ്മസ് ആശംസകളുമായി ടീം ‘ക്രിസ്റ്റഫർ’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ.’ മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്.
ഇപ്പോൾ ക്രിസ്മസ് ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ടീം ക്രിസ്റ്റഫർ ക്രിസ്മസ് ആശംസകൾ നേർന്നിരിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.
അതേ സമയം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ തമിഴ് നടൻ വിനയ് റായി ചിത്രത്തിൽ വില്ലനാവുമെന്ന വാർത്ത പുറത്തു വന്നിരുന്നു. മിഷ്കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് മനോജും നിർവഹിക്കും. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കും.
Read More: സീരിയലുകളിൽ ഒരുദിവസം മാത്രം വേണ്ടിവരുന്നത് 15 വസ്ത്രങ്ങൾ; ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ!
നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഷൂട്ടിംഗിനിടെ ഒരു ആക്ഷൻ കൊറിയോഗ്രാഫറായി മാറുകയും ഒരു സീക്വൻസ് എങ്ങനെ അവതരിപ്പിക്കണമെന്ന് സുപ്രീം സുന്ദർ എന്ന കലാകാരന് നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ‘ക്രിസ്റ്റഫർ’ സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങളും പൊട്ടിച്ചിരിയോടെ സംഭങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. എറണാകുളവും വണ്ടിപ്പെരിയാറും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു.
Story Highlights: Chrismas wishes from team christopher