ഗോൾഡ് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആമസോൺ പ്രൈമിലൂടെ, റിലീസ് തീയതി പ്രഖ്യാപിച്ചു

December 24, 2022

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ തിയേറ്ററുകളിലെത്തിയത്. ‘പ്രേമം’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. ഡിസംബർ 1 ന് റിലീസ് ചെയ്‌ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ലഭിച്ചത്.

ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഓൺലൈനായി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസംബർ 29 നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം റിലീസിന് മുൻപേ 50 കോടി ക്ലബിൽ കയറിയിരുന്നു. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

നേരത്തെ രസകരമായ ഒരു കുറിപ്പിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. “സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്..ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു…ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്..Wait and see”- ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു.

Read More: കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-ലിജോ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു; പങ്കുവെച്ച് മോഹൻലാൽ

അതേ സമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. “ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും”-സംവിധായകൻ പറഞ്ഞു.

Story Highlights: Gold online streaming through amazon prime