മൂന്ന് മണിക്കൂറിലേറെ ദൈർഘ്യം; അവതാറിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് ജെയിംസ് കാമറൂണിന്റെ രസകരമായ മറുപടി…

December 3, 2022

ഒരു ദശകത്തിലേറെയായി സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന അവതാറിന്റെ രണ്ടാം ഭാഗം ഒടുവിൽ തിയേറ്ററുകളിലെത്തുകയാണ്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നു. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജെയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് റിലീസ് ചെയ്യുന്നത്.

മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. പൊതുവെ ഹോളിവുഡ് സിനിമകളിൽ ഇടവേളകൾ ഉണ്ടാവാറില്ല. എന്നാൽ ചിത്രം മൂന്ന് മണിക്കൂറിലേറെയുള്ളതിനാൽ ഇന്റർവെൽ ഉണ്ടാവുമോയെന്ന് മാധ്യമങ്ങൾ സംവിധായകൻ ജെയിംസ് കാമറൂണിനോട് ചോദിച്ചിരുന്നു. രസകരമായ മറുപടിയാണ് സംവിധായകൻ ഈ ചോദ്യത്തിന് നൽകിയത്. “എപ്പോള്‍ വേണമെങ്കിലും പ്രേക്ഷകര്‍ക്ക് ഇടവേളയെടുക്കാം. അതിനിടെ നഷ്ടമായ രംഗങ്ങള്‍ കാണണമെങ്കില്‍ വീണ്ടും സിനിമ ഒരിക്കല്‍ കൂടി കണ്ടാല്‍ മതി”- കാമറൂൺ പറഞ്ഞു.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കടലിനടിയിലെ ലോകത്തിന്റെ മികച്ച ദൃശ്യാവിഷ്ക്കരമാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനാൽ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. 2012 ൽ തന്നെ ചിത്രത്തിന് തുടർ ഭാഗങ്ങളുണ്ടാവുമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന് ശേഷം മൂന്നും നാലും അഞ്ചും ഭാഗങ്ങളും വരുന്ന വർഷങ്ങളിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

Read More: ന്യൂയോർക്കിൽ മികച്ച സംവിധായകനായി രാജമൗലി; ആർആർആറിന്റെ ഓസ്‌കർ പ്രതീക്ഷകൾ വീണ്ടും സജീവമാവുന്നു

അതേ സമയം ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബറോസിന്റെ ട്രെയ്‌ലർ അവതാർ 2 വിനോപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നടനും സംവിധായകനുമായ മോഹൻലാൽ പറഞ്ഞിരുന്നു. എഡിറ്റിംഗ് പൂർത്തിയായ ചിത്രത്തിന്റെ സ്പെഷ്യൽ ഇഫക്‌ട്സാണ് ഇനി ചെയ്യാനുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Story Highlights: James cameron funny reply to avatar 2 question