“സുഹൃത്തുക്കളെ, ഐഡിയ ഷാജി ഞെട്ടി..”; ബ്രസീലിന്റെ തോൽ‌വിയിലുള്ള വേദന പങ്കുവെച്ച് ലാലു അലക്‌സ്

December 10, 2022

ലോകമെങ്ങുമുള്ള ബ്രസീൽ ആരാധകർക്ക് കടുത്ത നിരാശയാണ് ഇന്നലത്തെ മത്സരത്തിലെ തോൽവി നൽകിയത്. ലോകകപ്പ് നേടുമെന്ന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു നെയ്‌മറുടെ ബ്രസീൽ. എന്നാൽ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയോട് പരാജയപ്പെടുകയായിരുന്നു കാനറികൾ. ബ്രസീലിന്റെ തോൽ‌വിയിലുള്ള വേദന നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ബ്രസീലിന്റെ തോൽവിയെ തുടർന്ന് നടൻ ലാലു അലക്‌സ് പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. “സുഹൃത്തുക്കളെ, ഐഡിയ ഷാജി ഞെട്ടി. ബ്രസീൽ തോറ്റു,ഒരുപാട് വിഷമം ഉണ്ട്.”- ഈയടുത്ത് റിലീസ് ചെയ്‌ത ‘ഗോൾഡ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ചു. ഗോൾഡിലെ ലാലു അലക്‌സിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ഐഡിയ ഷാജി.

അതേ സമയം ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ ബ്രസീൽ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.

Read More: “ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നാണ് ബാക്കിയുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. രാത്രി 8.30 ന് നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ പോർച്ചുഗലിനെ നേരിടുമ്പോൾ ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള മത്സരം 12.30 നാണ്. വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഇന്ന് ആരാധകർ കാത്തിരിക്കുന്നത്.

Story Highlights: Lalu alex expressed diasppointment over brazil’s loss

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!