ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും ലിജോയും; ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ഐഎഫ്എഫ്‌കെയിൽ മികച്ച പ്രതികരണം

December 13, 2022

ഇന്നലെയായിരുന്നു മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ വേൾഡ് പ്രീമിയർ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) നടന്നത്. ഉച്ചതിരിഞ്ഞ് 3.30 ക്ക് ടാഗോര്‍ തിയേറ്ററിലായിരുന്നു പ്രദര്‍ശനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരേ പോലെ ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ചിത്രം മേളയിലെ മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.

ഇപ്പോൾ ആരാധകരുടെ പ്രതികരണത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയും ലിജോയും. ‘ഐഎഫ്എഫ്കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതേ സമയം “നൻപകൽ നേരത്ത് സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി” എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചത്.

വലിയ തിരക്കാണ് ഇന്നലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് അനുഭവപ്പെട്ടത്. നിരവധി ആളുകൾ സിനിമ കാണാൻ കഴിയാതെ മടങ്ങുകയായിരുന്നു. ഡിസംബർ 13, 14 തീയതികളിൽ ഏരീസ് പ്ളെക്സ്, അജന്ത തിയേറ്റർ എന്നിവടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം കൂടുതൽ പ്രദർശനങ്ങൾ നടത്താൻ കഴിയുമോയെന്ന് പ്രേക്ഷകർ ലിജോയുടെ അടുത്ത് അഭ്യർത്ഥിച്ചിരുന്നു. തീർച്ചയായും അതിനായി ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പ് കൊടുക്കുകയും ചെയ്‌തു.

Read More: “ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതേ സമയം കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

Story Highlights: Mammootty and lijo jose reacts to audience response

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!