“പോട്രാ ഒരു പാട്ട്..”; കാത്തിരിപ്പിനൊടുവിൽ ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ട്രെയ്‌ലർ എത്തി

December 25, 2022

മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

Read More: ക്രിസ്‌മസ്‌ ആശംസകളുമായി ടീം ‘ക്രിസ്റ്റഫർ’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.

Story Highlights: Nanpakal nerathe mayakkam trailer released