തന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഒബാമ; ആർആർആർ മിസ്സ്‌ ചെയ്യരുതെന്ന് ആരാധകർ

December 27, 2022

2022 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കൊവിഡിന് ശേഷം സിനിമ ഇൻഡസ്ട്രി വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെയെത്തിയ വർഷം കൂടിയായിരുന്നു 2022. അത് കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ നിരവധി ലിസ്റ്റുകൾ ഇപ്പോൾ തന്നെ പുറത്തു വന്നിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇഷ്‌ട ചിത്രങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ടോം ക്രൂസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’, സ്റ്റീവൻ സ്പിൽബെർഗിന്റെ ‘ദി ഫാബൽമാൻസ്’, ഏറെ പ്രശസ്‌തി നേടിയ ‘എവെരിതിങ് എവെരിവെയർ ഓൾ അറ്റ് വൺസ്’ തുടങ്ങിയ ചിത്രങ്ങളൊക്കെ ഒബാമയുടെ ലിസ്റ്റിൽ ഇടം നേടി. ഒബാമയുടെ പിന്തുണയുള്ള പ്രൊഡക്ഷൻ ഹൗസ് ‘ഹയർ ഗ്രൗണ്ട്’ നിർമ്മിച്ചതിനാൽ ‘ഡിസൻഡന്റ്’ എന്ന ചിത്രത്തോട് താൻ പക്ഷപാതം കാണിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേർത്തു.

ലിസ്റ്റ് പുറത്തു വിട്ടതിനൊപ്പം താൻ ഏതെങ്കിലും മികച്ച ചിത്രങ്ങൾ കാണാതെ പോയിട്ടുണ്ടെങ്കിൽ നിർദേശിക്കാനും അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നിർദേശങ്ങൾ വന്ന ചിത്രങ്ങളിലൊന്ന് രാജമൗലിയുടെ ‘ആർആർആർ’ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. നിരവധി ആളുകളാണ് ഒബാമയോട് ചിത്രം കാണണമെന്ന് അഭ്യർത്ഥിച്ചത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആർആർആർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ “നാട്ടു നാട്ടു.” എന്ന ഗാനമാണ് പട്ടികയിൽ സ്ഥാനം നേടിയത്. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് ഗാനം ചുരുക്ക പട്ടികയിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്‌തപ്പോൾ മുതൽ തിയേറ്ററുകളിൽ തരംഗമായി മാറിയ ആർആർആർ 1000 കോടി ക്ലബ്ബിൽ കയറിയത് വലിയ വാർത്തയായിരുന്നു. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം.

Story Highlights: Obama favourite movies list