“ഒരു ഹിറ്റ് മതി ബോളിവുഡിന് തിരികെയെത്താൻ, ഒരു പക്ഷെ അത് ‘പഠാന്’ ആയിരിക്കാം..”; പൃഥ്വിരാജിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നു
കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ട ബോളിവുഡിന് റീമേക്ക് ചിത്രങ്ങളാണ് കൂടുതലും ആശ്വാസം നൽകിയിട്ടുള്ളത്. ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2 പോലുള്ള വളരെ അപൂർവം ചിത്രങ്ങളാണ് ഇക്കാലയളവിൽ റീമേക്ക് അല്ലാതെ ഹിറ്റായ ബോളിവുഡ് ചിത്രങ്ങൾ. വലിയ ആശങ്കയാണ് ബോളിവുഡ് ചലച്ചിത്ര വ്യവസായം നേരിട്ട് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയും ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെ ബാധിച്ചിട്ടുണ്ട്.
ഈ അവസരത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ബോളിവുഡ് ഇന്ഡസ്ട്രിയെ പറ്റി പങ്കുവെച്ച ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ബോളിവുഡിന് തിരിച്ചുവരാന് ഒരൊറ്റ ചിത്രം മതിയെന്നാണ് താരം പറയുന്നത്. ഒരു വലിയ ഹിറ്റ് സംഭവിച്ചാൽ ബോളിവുഡിന് തിരിച്ചെത്താൻ കഴിയും. അത് ഒരു പക്ഷെ ഷാരൂഖ് ഖാന്റെ ‘പഠാന്’ ആയിരിക്കാമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
അതേ സമയം സിദ്ധാർഥ് ആനന്ദിന്റെ ‘പഠാൻ’ അടുത്ത വർഷം ജനുവരി 25 നാണ് തിയേറ്ററുകളിലെത്തുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ഷാരൂഖ് ഖാൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നേരത്തെ ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ഈ ആക്ഷൻ ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻ താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Story Highlights: Prithviraj about bollywood