“വെല്ലുവിളികൾ നിറഞ്ഞ സിനിമയാണത്..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്

December 20, 2022

ഇന്ത്യൻ സിനിമയുടെ അഭിമാനം വാനോളമുയർത്തിയ നടനും സംവിധായകനുമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ മോഹൻലാലും ലിജോയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ ഒക്ടോബറിൽ നടന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇപ്പോൾ ഈ ചിത്രത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സിനിമയെ പറ്റി താൻ വളരെ എക്‌സൈറ്റഡ് ആണെന്നും സിനിമയുടെ വിഷയം എന്താണെന്ന് അറിയാമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. “ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍പ്പോലും ആ സിനിമയെ സംബന്ധിച്ച് എന്‍റെ ഏറ്റവും വലിയ ആവേശം അത് ലിജോയുടെ സിനിമ ആണെന്നത് തന്നെയാണ്. ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല. ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ഫുള്‍ ഷൂട്ട് ചെയ്യുന്നത്”- കാപ്പയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ പൃഥ്വിരാജ് മനസ്സ് തുറന്നു.

Read More: ‘അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു’; സിനിമയിൽ ഇരുപതുവർഷങ്ങൾ പൂർത്തിയാക്കി ഭാവന

അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.”- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പീരീഡ്‌ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്‌തിക്കാരൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ പറ്റി ഇത് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

Story Highlights: Prithviraj about mohanlal-lijo movie