കട്ട കലിപ്പിൽ ‘കൊട്ട മധു’; കാപ്പയിലെ പൃഥ്വിരാജിന്റെ പുതിയ സ്റ്റിൽ വൈറലാവുന്നു

December 11, 2022

ഈ മാസം 22 നാണ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’ റിലീസിനെത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പുറത്തു വന്ന മറ്റൊരു സ്റ്റില്ലാണ് വൈറലാവുന്നത്. തീക്ഷ്‌ണമായി നോക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിലുള്ളത്. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിന്റെ കലിപ്പൻ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്.

അതേ സമയം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് കാപ്പയുടെ ട്രെയ്‌ലറെത്തിയത്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മാസ്സും ആക്ഷനും നിറച്ചാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ റിലീസ് ചെയ്‌ത കാര്യം അറിയിച്ചത്. പുറത്ത് വന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയ്‌ലർ വൈറലായി മാറിയിരുന്നു.

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Read More: ബേസിൽ ജോസഫിന് അന്താരാഷ്ട്ര അംഗീകാരം; ഏഷ്യൻ അക്കാദമി അവാർഡ്‌സിൽ മികച്ച സംവിധായകൻ

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Prithviraj new still from kaapa goes viral