ന്യൂയോർക്കിൽ മികച്ച സംവിധായകനായി രാജമൗലി; ആർആർആറിന്റെ ഓസ്കർ പ്രതീക്ഷകൾ വീണ്ടും സജീവമാവുന്നു
കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറിയ ചിത്രമാണ് രാജമൗലിയുടെ ‘ആർആർആർ.’ ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയ്ക്ക് പുറത്ത് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. അമേരിക്കൻ പ്രേക്ഷകർ ചിത്രത്തെ തിയേറ്ററുകളിൽ ആവേശത്തോടെ സ്വീകരിക്കുന്നതിന്റെ നിരവധി വിഡിയോകൾ വൈറലായി മാറിയിരുന്നു. പ്രേക്ഷകരോടൊപ്പം സിനിമ നിരൂപകരും ചിത്രത്തിന് വലിയ പ്രശംസയാണ് നൽകിയത്.
ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയെ തേടി മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതോടെ ആർആർആറിന്റെ ഓസ്കർ പ്രതീക്ഷകളും വീണ്ടും സജീവമാവുകയാണ്. ആർആർആർ ആയിരുന്നില്ല ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ ആയിരുന്നു ഓസ്കറിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം.
. @SSRajamouli wins the prestigious New York Film Critics Circle Award for the Best Director! 🤩⚡️ @NYFCC
— RRR Movie (@RRRMovie) December 3, 2022
Words can't do justice to describe how happy and proud we are…
Our heartfelt thanks to the jury for recognising #RRRMovie. pic.twitter.com/zQmen3sz51
അതേ സമയം റിലീസ് ചെയ്തപ്പോൾ മുതൽ തിയേറ്ററുകളിൽ തരംഗമായി മാറിയ ആർആർആർ 1000 കോടി ക്ലബ്ബിൽ കയറിയത് വലിയ വാർത്തയായിരുന്നു. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം.
Story Highlights: Rajamouli has won the Best Director award at the New York Film Critics Circle