രജനികാന്ത് ചിത്രത്തിന്റെ റെക്കോർഡ് ഇനി പഴങ്കഥ; പുതിയ റെക്കോർഡിട്ട് ‘ആർആർആർ’
ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു. കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറുകയായിരുന്നു ചിത്രം.
ഇപ്പോൾ ചിത്രം നേടിയ മറ്റൊരു റെക്കോർഡാണ് ശ്രദ്ധേയമാവുന്നത്. ജപ്പാനില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന എക്കാലത്തെയും വലിയ വിജയമാണ് ആര്‍ആര്‍ആര്‍ നേടിയിരിക്കുന്നത്. 24 കോടിയോളം ഇന്ത്യൻ രൂപയാണ് ആര്‍ആര്‍ആര്‍ ജപ്പാൻ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. രജനികാന്തിന്റെ ‘മുത്തു’ നേടിയ 22 കോടിയുടെ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായിരിക്കുന്നത്. എന്നാൽ 1995 ൽ റിലീസ് ചെയ്ത മുത്തുവിന്റെ റെക്കോർഡ് മറികടക്കാൻ മറ്റൊരു ഇന്ത്യൻ ചിത്രത്തിന് 27 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നതും ശ്രദ്ധേയമാണ്. ഒക്ടോബര്‍ 21 നാണ് ‘ആര്‍ആര്‍ആര്‍’ ജപ്പാനിൽ റിലീസ് ചെയ്തത്.
നേരത്തെ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയെ തേടി മറ്റൊരു അംഗീകാരം എത്തിയിരുന്നു ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ ആർആർആറിന്റെ ഓസ്കർ പ്രതീക്ഷകളും വീണ്ടും സജീവമായി. ആർആർആർ ആയിരുന്നില്ല ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ ആയിരുന്നു ഓസ്കറിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം.
അതേ സമയം റിലീസ് ചെയ്തപ്പോൾ മുതൽ തിയേറ്ററുകളിൽ തരംഗമായി മാറിയ ആർആർആർ 1000 കോടി ക്ലബ്ബിൽ കയറിയത് വലിയ വാർത്തയായിരുന്നു. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം.
Story Highlights: RRR breaks box office record of rajinikanth movie