“സിനിമയിലെ ഒരു ഗ്രൂപ്പിലും പെട്ട ആളല്ല ഞാൻ…കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്..”; വിനയ് ഫോർട്ടുമായുള്ള 24 ന്യൂസ് ഇന്റർവ്യൂ

December 3, 2022

കുറെയേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് വിനയ് ഫോർട്ട്. വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌ ഈ കലാകാരൻ. അതീവ സൂക്ഷ്മതയോടെയാണ് വിനയ് തന്റെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

പ്രേമം, തമാശ എന്നീ ചിത്രങ്ങളിൽ താരം കാഴ്ച്ചവെച്ച പ്രകടനങ്ങൾ തന്നെ അഭിനയത്തിലെ അദ്ദേഹത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നതാണ്. രണ്ട് സിനിമയിലും ഏറെക്കുറെ ഒരേ പോലെയുള്ള കോളേജ് അധ്യാപകരെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അഭിനയമികവിലൂടെ ഇരു കഥാപാത്രങ്ങളെയും വളരെ വ്യത്യസ്‌തരാക്കാൻ വിനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേമത്തിലെ വിമൽ സർ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ തമാശയിലെ ശ്രീനിവാസൻ പ്രേക്ഷകരെ ഒരുപാട് നൊമ്പരപ്പെടുത്തിയ ഒരു കഥാപാത്രം കൂടിയായിരുന്നു.

ഇപ്പോൾ വിനയ് ഫോർട്ടുമായുള്ള 24 ന്യൂസിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. തനിക്ക് മറ്റ് പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സിനിമ തന്നെയായിരുന്നു എന്നും സ്വപ്‌നമെന്നും പറയുകയാണ് താരം. താൻ സിനിമയിലെ ഒരു ഗ്രൂപ്പിലും പെട്ട ആളല്ല. സൗഹൃദങ്ങൾ ഏറെയുള്ള ആളായ തനിക്ക് ശത്രുക്കളുണ്ടാവില്ലെന്നാണ് താൻ കരുതുന്നതെന്നും വിനയ് പറയുന്നു. തനിക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ന്യൂയോർക്കിൽ മികച്ച സംവിധായകനായി രാജമൗലി; ആർആർആറിന്റെ ഓസ്‌കർ പ്രതീക്ഷകൾ വീണ്ടും സജീവമാവുന്നു

അതേ സമയം ബെർമുഡയാണ് താരത്തിന്റെ അടുത്തിടെ ഏറെ ശ്രദ്ധേയമായ ചിത്രം. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്‌ത്‌ ഷെയിൻ നിഗവും വിനയ് ഫോർട്ടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ബർമുഡ.’ ഒരു കോമഡി ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിൽ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നടൻ മോഹൻലാൽ ചിത്രത്തിൽ പാടിയ ഒരു ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Highlights: Vinay forrt 24 news interview