വാരിസിന്റെ വിജയം ആഘോഷിച്ച് വിജയ്; ആഘോഷങ്ങൾ ഒഴിവാക്കി ‘തല’ അജിത്, കാരണമിത്…

January 22, 2023

പൊങ്കൽ റിലീസായി എത്തിയ വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും വലിയ ഹിറ്റുകളായി മാറിയിരുന്നു. പ്രേക്ഷകരുടെ മികച്ച പ്രതികരണം ഏറ്റുവാങ്ങിയ ചിത്രങ്ങൾ ബോക്സോഫീസ് കളക്ഷനിൽ റെക്കോർഡിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫെസ്റ്റിവൽ സീസണിൽ ഇരു താരങ്ങളുടെയും ചിത്രങ്ങൾ ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

ഇപ്പോൾ വാരിസിന്റെ വിജയം ആഘോഷിക്കുന്ന വിജയിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കുമൊപ്പമാണ് വിജയ് കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത്. അതേ സമയം തുനിവ് വിജയമായി മാറിയിട്ടും അജിത് ആഘോഷങ്ങൾ വേണ്ടെന്ന് വെച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുനിവിന്റെ റിലീസ് ദിനം ഒരു ആരാധകൻ ലോറിയിൽ നിന്ന് വീണ് മരിച്ചിരുന്നു. അതോടൊപ്പം തന്നെ മദ്യപിച്ചത് കാരണം തിയേറ്ററിൽ കയറ്റാതിരുന്നതിനെ തുടർന്ന് മറ്റൊരു ആരാധകൻ ആത്‍മഹത്യ ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് അജിത് വിജയാഘോഷങ്ങൾക്ക് തയ്യാറാവാത്തത് എന്നാണ് അറിയാൻ കഴിയുന്നത്.

Read More: ‘ബോസ് റിട്ടേൺസ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്-റിവ്യൂ

അതേ സമയം ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ചേരുവകളൊക്ക ചേർത്ത ഒരു മാസ് സിനിമയാണ് ‘വാരിസ്.’ മാസ് സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന കുടുംബ പ്രേക്ഷകരെയും ചിത്രം ചേർത്ത് പിടിക്കുകയായിരുന്നു. മികച്ച പ്രകടനമാണ് നടൻ വിജയ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂർത്തങ്ങൾക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നുണ്ട്. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകർക്ക് നൊമ്പരമായി മാറിയിരുന്നു. ഒരു സൂപ്പർതാരം എന്നതിനൊപ്പം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വാരിസിലേത്.

Story Highlights: Ajith won’t celebrate thunive success