മനുഷ്യ മനസ്സിനെ കീഴടക്കുന്ന, ഹൃദയം തൊടുന്ന ‘ആയിഷ’-റിവ്യൂ
പ്രേക്ഷക ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നൊരു സ്നേഹ കവിതയാണ് ‘ആയിഷ’ എന്ന സിനിമ. ആയിഷയുടെ ജീവിത സാഹചര്യങ്ങളിലൂടെയുള്ള യാത്ര പ്രേക്ഷകർക്ക് മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കാഴ്ചാനുഭവം സമ്മാനിക്കുന്നു. മലയാളത്തിന്റെ സൂപ്പർ താരം മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തുന്ന സിനിമ ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി ഏറ്റെടുക്കുമെന്ന് ഉറപ്പിക്കുകയാണ്.
ആയിഷയെന്ന നാടക പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ശക്തയായ സ്ത്രീ ജീവിത സാഹചര്യം കൊണ്ട് സൗദി കൊട്ടാരത്തിൽ ഗദ്ദാമയായി എത്തുന്നിടത്ത് നിന്നാണ് സിനിമ പ്രേക്ഷക ഹൃദയത്തിലേക്ക് കൂടുതൽ കയറുന്നത്. സിനിമ സ്ത്രീ ജീവിതത്തെ വരച്ചിടുന്നതിനൊപ്പം ഇഴയടുപ്പമുള്ള സ്നേഹബന്ധങ്ങളുടെ കഥ കൂടി പറയുന്നുണ്ട്. മഞ്ജു വാര്യറുടെ സിനിമ കരിയറിലെ മികവാർന്ന പ്രകടനങ്ങളിലൊന്നായി കൂടി കാലങ്ങളോളം ഈ സിനിമ വിലയിരുത്തപ്പെടും എന്നുറപ്പിക്കാം.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സൗദിയിലാണ്. സൗദിയുടെ പശ്ചാത്തലത്തിൽ മലയാളി സ്ത്രീയുടെ കഥ പറയുമ്പോഴും സിനിമ മടുപ്പിനിടതരാത്ത സുന്ദര അനുഭവമാണ്. ദൃശ്യ ഭംഗിയാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. വിഷ്ണു ശർമ്മയുടെ ക്യാമറ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. പ്രഭുദേവയ്ക്ക് അദ്ദേഹത്തിന്റെ കോറിയോഗ്രാഫിയില്‍ വിചാരിച്ചതിലും നന്നായിത്തന്നെ പാട്ട് ചിത്രീകരിക്കാനായി.
പ്രഭുദേവയുടെ കോറിയോഗ്രാഫിയില്‍ പുറത്തിറങ്ങിയ പാട്ട് മറ്റൊരു കാഴ്ചാനുഭവമാണ് സിനിമയ്ക്ക് സമ്മാനിക്കുന്നത്. എം.ജയചന്ദ്രന് ഈണമിട്ട പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയിലേക്ക് കൂടുതൽ പ്രേക്ഷകരെ അടുപ്പിക്കാനുപകരിച്ചിട്ടുണ്ട്. അഭിനയിച്ചിരിക്കുന്ന താരങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നൽകിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ സക്കറിയയാണ്. ഒരു ഹലാല്‍ ലവ് സ്റ്റോറി, മോമോ ഇന്‍ ദുബായ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആഷിഫ് കക്കോടിയാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ കനൽ വഴികളിൽ വീണുപോകുന്നവരുടെ കഥകൾ ഒരുപാട് കണ്ടവരാണ് നമ്മൾ മലയാളികൾ. ജീവിതത്തിന്റെ സങ്കടക്കടൽ കടന്ന് വിജയം നേടാൻ പ്രചോദനം കൂടിയാവുകയാണ് ആയിഷ.
Story Highlights: Ayisha movie review