ബഷീറിനും ടൊവിനോയ്ക്കും ഇന്ന് പിറന്നാൾ; ആശംസകളുമായി ‘നീലവെളിച്ചം’ ടീം

January 21, 2023

‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന മലയാളികളുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാളാണിന്ന്. ഒപ്പം മലയാള സിനിമയുടെ പ്രിയ താരം ടൊവിനോയും ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് നീലവെളിച്ചം സിനിമയുടെ അണിയറ പ്രവർത്തകർ.

“ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ- വൈക്കം മുഹമ്മദ് ബഷീർ (ജന്മദിനം) നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ !!” എന്ന് കുറിച്ച് കൊണ്ടാണ് നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിഖ് അബു ഇരുവർക്കും പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. ബഷീറിന്റെ അതേ പേരിലുള്ള കഥയാണ് ആഷിഖ് സിനിമയാക്കുന്നത്. അതേ സമയം ചിത്രത്തിലെ നായകനായെത്തുന്ന ടൊവിനോയും ബഷീറിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തിരുന്നു. “അനുരാഗ മധുചഷകം..” എന്ന ഗാനം 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ്. എം.എസ് ബാബുരാജ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിനായി ഈ ഗാനം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഭാർഗവീനിലയത്തിൽ ജാനകിയമ്മ പാടിയ ഗാനം കെ.എസ് ചിത്രയാണ് പുതിയ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

Read More: മനുഷ്യ മനസ്സിനെ കീഴടക്കുന്ന, ഹൃദയം തൊടുന്ന ‘ആയിഷ’-റിവ്യൂ

അതേ സമയം നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങൾക്കും ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

Story Highlights: Birthday wish for basheer and tovino from neelavelicham team