അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചൻ; കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേറിന്റെ മോഷൻ ടീസറെത്തി

January 29, 2023

വലിയ ഹിറ്റായി മാറിയ അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേർ.’ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനാവുന്നത്. സംവിധായകൻ കൂടിയായ ജോയ് മാത്യു രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ആൻറണി വർഗീസും അർജുൻ അശോകനും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോൾ ചിത്രത്തിന്റെ മോഷൻ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്ക് ടീസറിൽ ദൃശ്യമാണ്. അരുണ്‍ നാരായണും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജഗജാന്തരത്തിന് സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് തന്നെയാണ് ചാവേറിനും സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്, എഡിറ്റിംഗ് നിഷാദ് യൂസഫ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

അതേ സമയം 2021 ലെ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തി വമ്പൻ ഹിറ്റായി മാറിയ മലയാള ചിത്രമായിരുന്നു ‘അജഗജാന്തരം.’ കൊവിഡിന് ശേഷം തിയേറ്ററുകൾ പൂരപ്പറമ്പാക്കുന്നതിൽ ചിത്രം നിർണായക പങ്ക് വഹിച്ചിരുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആൻറണി വർഗീസ് നായകനായ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്.

Read More: സംഗീതത്തിന്റെ ലഹരി പടരാൻ ഇനി 12 നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ടിക്കറ്റ് റേറ്റുകൾ ഇങ്ങനെ…

ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു പാപ്പച്ചൻ ആവിഷ്‍കരിച്ചത്. ചിത്രത്തിലെ രാത്രി രംഗങ്ങളും സംഘട്ടന രംഗങ്ങളും ഗാനങ്ങളുടെ ആവിഷ്കരണവുമൊക്കെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ഒരു ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു.

Story Highlights: Chaver motion teaser released