അഴകേകാൻ തേൻ; അറിയാം ചില ബ്യൂട്ടി ടിപ്സ്

January 8, 2023

ഒരു തുള്ളി തേനിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് തേൻ. ചര്‍മ്മത്തിനും മുടിയ്‌ക്കും ഭംഗി നല്‍കുന്ന തേന്‍ സൗന്ദര്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള സമ്പൂര്‍ണ പരിഹാരം ആണ്‌. മുഖസൗന്ദര്യം വർധിപ്പിക്കാനും മുഖം തിളങ്ങാനും തേൻ ചേർത്ത ഫേസ്‌പാക്ക് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.

മുഖം തിളക്കത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. അതുകൊണ്ടുതന്നെ പ്രതിമാസം ആയിരക്കണക്കിന് രൂപ സൗന്ദര്യ വർധക വസ്തുക്കൾക്കായി ചിലവഴിക്കുന്നവരാണ് അധികവും. എന്നാൽ നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന തേൻ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം എന്ന് നോക്കാം.

ശുദ്ധമായ തേൻ, ഉരുളക്കിഴങ്ങ്, മുട്ടയുടെ വെള്ള, വെളിച്ചെണ്ണ, മീനെണ്ണ, വിറ്റാമിൻ ഇ ക്യാപ്സ്യൂൾ, നാരങ്ങ, മഞ്ഞൾ തുടങ്ങിയവയും മുഖത്ത് പതിവായി ഉപയോഗിക്കുന്നത് മുഖക്കുരുവിന്റെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും.

ചുണ്ട് പൊട്ടുന്നത് തടയാനും മുഖസൗന്ദര്യത്തിനുമൊക്കെ തേൻ ഉപയോഗിക്കാം. തേൻ ഗ്ലിസറിനോ, ഒലിവ് ഓയിലോ ആയി മിക്സ് ചെയ്ത് ചുണ്ടിൽ പതിവായി പുരട്ടിയാൽ ചുണ്ട് പൊട്ടൽ നിയന്ത്രിക്കാൻ സാധിക്കും. വാസെലിനിൽ മിക്സ് ചെയ്തും പുരട്ടാം. തേൻ തനിയെയോ ഈ മിശ്രിത രൂപത്തിലോ ചുണ്ടിൽ തേച്ച് മസ്സാജ് ചെയ്യുക. നല്ല ഫലം കിട്ടും.

Read also:“പാലും കുടമെടുത്ത്..”; എം.ജി ശ്രീകുമാറിന്റെ ഹിറ്റ് ഗാനം അദ്ദേഹത്തിന് മുൻപിൽ പാടി കൈയടി ഏറ്റുവാങ്ങി സംജുക്ത

ചര്‍മ്മത്തിന്‌ മാത്രമല്ല തലമുടിയ്‌ക്കും നല്ലതാണ്‌ തേന്‍. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ തൈര്‌, രണ്ട്‌ മുട്ട, നാരങ്ങ നീര്‌, 5 തുള്ളി തേന്‍ എന്നിവ ചേര്‍ത്തിളക്കി മുടിയിലും തലയിലും പുരട്ടുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക. ഇതു സ്ഥിരമായി ചെയ്യുന്നത് വഴി പട്ടുപോലുള്ള മുടി ലഭിക്കും. തേന്‍ ഒലിവെണ്ണയില്‍ ചേര്‍ത്തിളക്കി തലമുടിയില്‍ തേയ്‌ച്ച്‌ പിടിപ്പിക്കുക. കുറച്ച്‌ സമയത്തിന്‌ ശേഷം കഴുകി കളയുക. ഇത് മുടിക്ക്‌ തിളക്കം വർധിപ്പിക്കാൻ സഹായിക്കും.

മുഖത്ത്‌ അനാവശ്യമായി വളരുന്ന രോമങ്ങൾ പറിക്കാനും വാക്സ് ചെയ്യാനും തേൻ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാര, കുറച്ച്‌ നാരങ്ങ നീര്‌ എന്നിവ എടുത്ത്‌ നന്നായി ഇളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മൂന്ന്‌ മിനുട്ട്‌ നേരം ചൂടാക്കുക. ചൂട്‌ കുറഞ്ഞതിന്‌ ശേഷം ഈ മിശ്രിതം രോമ വളര്‍ച്ച ഉള്ള ഭാഗത്ത്‌ പുരട്ടുക. ശേഷം ഒരു കഷ്‌ണം തുണി ഇതിന്‌ മുകളിലിട്ട്‌ വിപരീത ദിശയില്‍ തുടയ്‌ക്കുക. ഇതോടെ രോമം വേരോടെ പിഴുത്‌ പോരും.

Story Highlights: Honey and its beauty tips