‘ആർആർആർ രണ്ട് തവണ കണ്ടുവെന്ന് അവതാറിന്റെ സംവിധായകൻ ജയിംസ് കാമറൂൺ’ ; രാജമൗലിയുടെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

January 17, 2023

ലോകം മുഴുവൻ ശ്രദ്ധ നേടുകയാണ് രാജമൗലിയുടെ ‘ആർആർആർ.’ ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ ചിത്രം അംഗീകരിക്കപ്പെട്ടിരുന്നു. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി. ഇതോടെ ചിത്രം കൂടുതൽ ലോക സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റീവൻ സ്‌പിൽബെർഗ് അടക്കമുള്ള സംവിധായകർ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു.

എന്നാലിപ്പോൾ അവതാർ സിനിമകളുടെ സംവിധായകനായ ജയിംസ് കാമറൂൺ ആർആർആർ കണ്ടുവെന്നും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പങ്കുവെച്ചുവെന്നുമാണ് ചിത്രത്തിന്റെ സംവിധായകനായ രാജമൗലി ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.ചിത്രം ഏറെ ഇഷ്ടമായ സംവിധായകൻ രണ്ട് തവണ ആർആർആർ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടുവെന്നുമാണ് രാജമൗലി ട്വീറ്റ് ചെയ്‌തത്‌. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചുവെന്നും അദ്ദേഹം കുറിച്ചു. കാമറൂണിനൊപ്പം സംസാരിച്ച് നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം

അതേ സമയം സ്‌പിൽബര്‍ഗും രാജമൗലിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം സ്‌പിൽബര്‍ഗിനെ കണ്ടു മുട്ടിയത്. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്‌. ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിരുന്നു. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. “നാട്ടു നാട്ടു” ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു.

Story Highlights: James cameron about rrr