ആഗോള കളക്ഷൻ 12000 കോടിക്കപ്പുറം; അവതാറിന് തുടർഭാഗങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പിച്ച് ജയിംസ് കാമറൂൺ
13 വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയായിരുന്നു. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് റിലീസ് ചെയ്തത്. ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.
വലിയ കളക്ഷൻ നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. 12000 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷനെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോം ക്രൂസിന്റെ ടോപ് ഗൺ: മാവറിക്കിനെ പിന്തള്ളിയാണ് അവതാർ 2 കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറിയത്. ഇതോടെ ചിത്രത്തിന് തുടർഭാഗങ്ങളുണ്ടാവുമെന്നും ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ.
സിനിമ ലോകത്തെ മന്ത്രികനാണ് ജയിംസ് കാമറൂൺ. 15 വർഷത്തോളം കാത്തിരുന്ന് സിനിമ ചിത്രീകരിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അവതാറിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചത്. ഇപ്പോൾ രണ്ടാം ഭാഗവും വരാൻ പോകുന്ന ചിത്രത്തിന്റെ മറ്റ് ഭാഗങ്ങളും ഏറെ നാളത്തെ റിസേർച്ചിന് ശേഷമാണ് സംവിധായകൻ വികസിപ്പിച്ചത്.
Read More: “എന്നിലെ നടൻ കാത്തിരുന്ന യാത്ര..”; മലൈക്കോട്ടൈ വാലിബനിൽ ഹരീഷ് പേരടിയും, സന്തോഷം പങ്കുവെച്ച് താരം
നേരത്തെ ജയിംസ് കാമറൂണിന്റെ മറ്റൊരു മാജിക്കും ചിത്രത്തിന്റെ റിലീസിന് ശേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘അവതാർ 2’ വിലെ കേന്ദ്ര കഥാപാത്രമായ കിരിയായി അഭിനയിച്ചത് ആദ്യ ഭാഗത്തിലെ ഡോക്ടർ ഗ്രേസിനെ അവതരിപ്പിച്ച സിഗോണി വീവർ തന്നെയാണ്. 72 കാരിയായ സിഗോണി 12 വയസ്സുള്ള കിരിയായി എത്തി അത്ഭുതം കാട്ടുകയായിരുന്നു. മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ കൗമാരക്കാരായ പെൺകുട്ടികൾക്കൊപ്പം സിഗോണി ഒരു അഭിനയ പരിശീലന വർക്ഷോപ്പിലും പങ്കെടുത്തിരുന്നു.
Story Highlights: James cameron confirms avatar sequels