ഇംഗ്ലീഷ് സിനിമയുടെ സിഡിയാണ് അമൽ കൊണ്ട് വന്നത്..; ബിഗ് ബി സിനിമ ഉണ്ടായതിനെ പറ്റി മമ്മൂട്ടി
മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കമിട്ട ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘ബിഗ് ബി.’ വ്യത്യസ്തമായ കഥപറച്ചിൽ രീതിയും സ്റ്റൈലിഷ് മേക്കിങ്ങും കൊണ്ട് ശ്രദ്ധേയമായ സിനിമ അമൽ നീരദിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. ഇപ്പോൾ ബിഗ് ബി സിനിമയിലേക്ക് എത്തിയതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മമ്മൂട്ടി.
അമൽ നീരദ് ഫോർ ബ്രദേഴ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ സിഡിയാണ് തനിക്ക് കൊണ്ട് വന്ന് തന്നതെന്നാണ് മമ്മൂട്ടി പറയുന്നത്. ഈ ചിത്രത്തെ ബേസ് ചെയ്തായിരിക്കും ബിഗ് ബി ഒരുക്കുന്നതെന്ന് അമൽ പറഞ്ഞതായി മമ്മൂട്ടി ഓർത്തെടുത്തു. ഫോട്ടോഗ്രഫിയിലെ മികവാണ് അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്ന് കൂട്ടിച്ചേർത്ത മമ്മൂട്ടി അമലും അദ്ദേഹത്തിന്റെ ശിഷ്യന്മാരും മലയാള സിനിമയിൽ ഛായാഗ്രഹണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും പറഞ്ഞു.
അതേ സമയം ബിഗ് ബിക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ‘ഭീഷ്മപർവ്വം’ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം കൈകാര്യം ചെയ്തപ്പോൾ വിവേക് ഹര്ഷന് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചു. മമ്മൂട്ടിക്കൊപ്പം സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Story Highlights: Mammootty about big b