“പ്രിയപ്പെട്ട ദാസേട്ടന്.”; യേശുദാസിന് പിറന്നാളാശംസകളുമായി മോഹൻലാലും മമ്മൂട്ടിയും

January 10, 2023

ഗാനഗന്ധർവ്വൻ യേശുദാസിന്റെ എൺപത്തിമൂന്നാം പിറന്നാളാണിന്ന്. ഇന്ത്യൻ പിന്നണി ഗാനരംഗത്തെ ഇതിഹാസമാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ. നിരവധി തലമുറകൾക്ക് സംഗീതത്തിന്റെ സ്വർഗീയാനുഭൂതി പകർന്ന് നൽകിയ യേശുദാസ് ഒട്ടനവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. മലയാളികളൊന്നടങ്കം അദ്ദേഹത്തിന് പിറന്നാളാശംസ നേരുകയാണ്.

ഇപ്പോൾ മലയാളത്തിന്റെ അഭിമാനതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും യേശുദാസിന് പിറന്നാളാശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. “തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ”- യേശുദാസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചു. അതേ സമയം “പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ” എന്നാണ് ഗായകന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് പ്രിയപ്പെട്ട ഗായകന് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. ഇരുപത്തിരണ്ടാം വയസ്സിലാണ് സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ യേശുദാസിന് അവസരം ലഭിക്കുന്നത്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962 ല്‍ റിലീസ് ചെയ്‌ത ‘കാല്‍പ്പാടുകള്‍’ ആയിരുന്നു ചിത്രം. സംഗീതജ്ഞനായിരുന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം അഭ്യസിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലും പഠിച്ചു. ദിലീപ് നായകനായ ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്ന ചിത്രത്തിലാണ് യേശുദാസ് അവസാനമായി പാടിയത്.

Story Highlights: Mohanlal and mammootty birthday wish for yesudas