“അനുരാഗ മധുചഷകം..”; ടൊവിനോയുടെ നീലവെളിച്ചത്തിലെ ആദ്യ ഗാനമെത്തി

January 18, 2023

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു അതേ പേരിലൊരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്. ‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തു. “അനുരാഗ മധുചഷകം..” എന്ന ഗാനം 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ്. എം.എസ് ബാബുരാജ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിനായി ഈ ഗാനം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഭാർഗവീനിലയത്തിൽ ജാനകിയമ്മ പാടിയ ഗാനം കെ.എസ് ചിത്രയാണ് പുതിയ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

അതേ സമയം നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങൾക്കും ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

Read More: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടിലേക്ക് ഒരു യുവകഥാകൃത്ത് എത്തുന്നു. അതിന് ശേഷം ആ വീടിനെ ആവേശിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയോടൊപ്പമുള്ള കഥാകൃത്തിന്റെ അനുഭവങ്ങളാണ് കഥയുടെ പ്രമേയം. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

Story Highlights: Neelavelicham first song released