ആശങ്കകളെ കാറ്റിൽ പറത്തി ‘പഠാൻ’; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ട് ഷാരൂഖ് ഖാൻ ചിത്രം

January 19, 2023

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ഇതിലേറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ.’

ചില വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ചിത്രത്തിന്റെ റിലീസിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നതിനെ പറ്റി ഹിന്ദി സിനിമ ലോകത്തിനും പഠാന്റെ അണിയറ പ്രവർത്തകർക്കും വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്. ചില മേഖലകളിലെ തിയേറ്ററുകളിൽ മാത്രം ആരംഭിച്ച ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ടിരിക്കുകയാണ് പഠാൻ. 1.70 കോടിയാണ് ചിത്രം ബുക്കിങ്ങിലൂടെ നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം പഠാന്റെ ട്രെയ്‌ലറെത്തിയത്. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജനുവരി 25 നാണ് ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്.

Story Highlights: Pathan sets new record in limited advance booking