പഠാന്റെ ട്രെയ്‌ലർ നാളെ; ആരാധകരുടെ കാത്തിരിപ്പിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

January 9, 2023

ജനുവരി 25 നാണ് ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. ഇതിലേറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘പഠാൻ.’

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ഷാരൂഖ് ഖാൻ തന്നെയാണ് പഠാന്റെ ട്രെയ്‌ലർ നാളെ എത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. നാളെ 11 മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. നേരത്തെ ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ഈ ആക്ഷൻ ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻ താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിലുള്ള സന്തോഷം അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്‌ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള ചിത്രമായിരിക്കും’ അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ അനിരുദ്ധ് ഷാരൂഖ് ഖാനെയും സംവിധായകൻ അറ്റ്ലിയെയും ടാഗ് ചെയ്‌തിരുന്നു.

Story Highlights: Pathan trailer will release tomorrow