അമേരിക്കയിൽ ആദ്യ രാജ്യാന്തര പുരസ്ക്കാരം സ്വന്തമാക്കി രാജമൗലി; അടുത്തത് ഓസ്‌കറാണോയെന്ന് ആരാധകർ

January 5, 2023

കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറിയ ചിത്രമാണ് രാജമൗലിയുടെ ‘ആർആർആർ.’ ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയ്ക്ക് പുറത്ത് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. അമേരിക്കൻ പ്രേക്ഷകർ ചിത്രത്തെ തിയേറ്ററുകളിൽ ആവേശത്തോടെ സ്വീകരിക്കുന്നതിന്റെ നിരവധി വിഡിയോകൾ വൈറലായി മാറിയിരുന്നു. പ്രേക്ഷകരോടൊപ്പം സിനിമ നിരൂപകരും ചിത്രത്തിന് വലിയ പ്രശംസയാണ് നൽകിയത്.

നേരത്തെ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയെ തേടി ഒരു രാജ്യാന്തര അംഗീകാരം എത്തിയിരുന്നു. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിന്റെ മികച്ച സംവിധായകനായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇപ്പോൾ രാജമൗലി ഈ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ മകൻ എസ്.എസ് കാർത്തികേയയാണ് അവാർഡ് ദാനച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

ഇതോടെ ആർആർആറിന്റെ ഓസ്‌കർ പ്രതീക്ഷകളും വീണ്ടും സജീവമാവുകയാണ്. ആർആർആർ ആയിരുന്നില്ല ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി. വളരെ ചെറിയ ബഡ്‌ജറ്റിൽ ഒരുങ്ങിയ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ ആയിരുന്നു ഓസ്‌കറിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. ഗോൾഡൻ ഗ്ലോബ് നോമിനേഷനിലും ആർആർആർ സ്ഥാനം പിടിച്ചിട്ടുണ്ട്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ആർആർആറിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

Story Highlights: Rajamouli receives his first international award