ഏറ്റവും ധനികരായ നടൻമാർ; ടോം ക്രൂസിനെ പിന്നിലാക്കി അപൂർവ്വ നേട്ടവുമായി ഷാരൂഖ് ഖാൻ

January 12, 2023

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.

ഇപ്പോൾ ഷാരൂഖ് ഖാനെ തേടിയെത്തിയ മറ്റൊരു നേട്ടമാണ് വാർത്തകളിൽ നിറയുന്നത്. ലോകത്തെ ഏറ്റവും ധനികരായ അഞ്ച് നടന്മാരിലൊരാളായി മാറിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട കിംഗ് ഖാൻ. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ലോകപ്രശസ്‌ത താരം ടോം ക്രൂസടക്കമുള്ളവരെ പിന്തള്ളിയാണ് ഷാരൂഖ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയത്.

അതേ സമയം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ ട്രെയ്‌ലറെത്തിയത്. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജനുവരി 25 നാണ് ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻ താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Story Highlights: Richest actors in the world list