ജീനിയസ്സായ ലിജോയും അന്തർദേശീയ നിലവാരമുള്ള അഭിനയവുമായി മമ്മൂട്ടിയും; ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

January 28, 2023

‘നൻപകൽ നേരത്ത് മയക്കം’ കണ്ടതിന് ശേഷം ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് ആണെന്നുമാണ് അദ്ദേഹം പറയുന്നത്. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

“നൻപകൽ നേരത്ത് മയക്കം” കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം”-ശ്രീകുമാരൻ തമ്പി കുറിച്ചു.

അതേ സമയം സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് നൻപകൽ വിലയിരുത്തപ്പെടുന്നത്.

Read More: സംഗീതത്തിന്റെ ലഹരി പടരാൻ ഇനി 12 നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ടിക്കറ്റ് റേറ്റുകൾ ഇങ്ങനെ…

50 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന നടൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. കഥാപാത്രമായി പരകായ പ്രവേശം നടത്തുകയായിരുന്നു മമ്മൂട്ടി.

Story Highlights: Sreekumaran thampi about mammootty and lijo jose pellisherry