പത്തരമാറ്റ് ‘തങ്കം’ തന്നെ; ആവേശംകൊള്ളിച്ച് ചിത്രം- റിവ്യൂ
പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷകൾ ഉള്ള ചിത്രമായിരുന്നു പ്രഖ്യാപനം മുതൽ ‘തങ്കം’. ഫഹദ് ഫാസിൽ , ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ ഒരു സിനിമയ്ക്കായി കൈകോർക്കുമ്പോൾ തീർച്ചയായും ആ പ്രതീക്ഷ തെറ്റില്ലെന്നും ഉറപ്പാണ്. അതെ, ഇത് പത്തരമാറ്റ് തങ്കം തന്നെയെന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ്. കണ്ണനും (വിനീത്) മുത്തുവും (ബിജു) തൃശ്ശൂരിലെ സ്വർണ്ണാഭരണ വ്യാപാരത്തിലുള്ള അടുത്തസുഹൃത്തുക്കളും പങ്കാളികളുമാണ്. മുത്തു സ്വർണ്ണപ്പണിക്കാരനാണ്. കണ്ണൻ ദക്ഷിണേന്ത്യയിലെയും മുംബൈയിലെയും വിവിധ ജ്വല്ലറികളിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു.
സ്വർണ്ണ കടത്തിന്റെ നിഗൂഢമായ സംശയങ്ങളുമായി കണ്ണൻ തമിഴ്‌നാട് പോലീസിന്റെ പിടിയിലാകുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. പിന്നീട് അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയും ആശങ്കകളിലൂടെയും ഓരോ കഥാപാത്രങ്ങളും മുന്നേറുകയാണ്. കേരളം അടുത്തിടെയായി ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട നൂലാമാലകളും. അവയൊക്കെ പ്രേക്ഷകർക്ക് കൃത്യമായി മനസിലാക്കാൻ സിനിമയിലൂടെ സാധിക്കുന്നുണ്ട്.
ശ്യാം പുഷ്‌കരന്റെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല് എന്ന് പറയാൻ സാധിക്കും. വളരെ കൗതുകകരവും ആകർഷകവുമായ കഥ എന്നതിലുപരി അത് വളരെ പ്രവചനാതീതമാണ് എന്നതാണ് ശ്രദ്ധേയം. ഓരോ സീനിലും എന്താണ് സംഭവിക്കാൻ പോകുന്നതെന്നു പ്രേക്ഷകരെ ഊഹിക്കാൻ പ്രേരിപ്പിക്കുന്ന കഥാരീതിയാണ് ശ്രദ്ധേയം.
സംവിധായകനും രചയിതാവും ഒരേ തരത്തിൽ ചിന്തിക്കുന്ന ഒരു മാജിക് തങ്കം എന്ന ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ചിത്രത്തിലെ സസ്പെൻസിനൊപ്പം ബിജിബാലിന്റെ പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ ഇരട്ടിയാണ് മികവ്.
കാസ്റ്റിംഗിൽ അല്പംപോലും പാളിച്ച സംഭവിച്ചിട്ടില്ല എന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ബിജു മേനോൻ, വിനീത്, ഗിരീഷ് കുൽക്കർണി എന്നിവരാണ് സിനിമയെ നയിക്കുന്നത്. ഇവരുടെ മത്സരിച്ചുള്ള പ്രകടനം തങ്കം സിനിമയ്ക്ക് പത്തരമാറ്റേകുന്നു.
Story highlights- thankam movie review