‘എങ്ങനെ സാധിക്കുന്നു മുത്തേ’; വിജയത്തിളക്കത്തിൽ ‘തങ്കം’ സക്സസ് ട്രെയ്ലർ തരംഗമാകുന്നു

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ ‘തങ്കം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ രസകരമായ സംഭാഷണങ്ങളും രംഗങ്ങളുമൊക്കെ ഉൾക്കൊള്ളിച്ച് സിനിമയുടെ സക്സസ് ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ സംവിധാനം സഹീദ് അറാഫത്താണ് നിർവ്വഹിച്ചിരിക്കുന്നത്. ജനുവരി 26നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തൃശൂരിലെ സ്വർണ്ണ കച്ചവടവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ ഡേവിഡ്, ശ്രീകാന്ത് മുരളി, കലൈയരസൻ തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു നിമിഷം പോലും ശ്രദ്ധ തെറ്റാതെ കണ്ടിരിക്കാൻ കഴിയുന്ന സിനിമയെന്നാണ് തിയേറ്ററുകളിൽ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ ഭാഷ്യം.
ബിജി ബാല്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് മിക്സിങ് തപസ് നായക്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ എന്നിവരാണ്.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ.
Story Highlights: Thankam success trailer