‘ബോസ് റിട്ടേൺസ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്-റിവ്യൂ
ഒരു വിജയ് ചിത്രം തിയേറ്ററിൽ എത്തി കാണാനാഗ്രഹിക്കുന്ന പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചില ചേരുവകളുണ്ട്. കൈയടി വീഴുന്ന പഞ്ച് ഡയലോഗുകൾ, ആവേശം തീർക്കുന്ന പാട്ടുകളും നൃത്തച്ചുവടുകളും, ഒപ്പം ആരാധകരുടെ പ്രിയപ്പെട്ട ദളപതിയുടെ വമ്പൻ ആക്ഷൻ സീനുകളും. ഇവയൊക്കെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു തകർപ്പൻ സിനിമ അനുഭവമാണ് ‘വാരിസ്.’ രണ്ടേമുക്കാൽ മണിക്കൂർ പൂർണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ആഖ്യാനമാണ് ചിത്രത്തിന്റേത്.
ആരാധകർക്കുള്ള പൊങ്കൽ സമ്മാനമായാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. അത് കൊണ്ട് തന്നെ വാരിസ് ഒരു വലിയ ആഘോഷം കൂടിയാണ് തിയേറ്ററുകളിൽ ഉണ്ടാക്കുന്നത്. എന്നാൽ പൊതുവെ യുവാക്കൾക്കായി നിർമ്മിക്കപ്പെടുന്ന മാസ് സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിക്കുകയാണ് ‘വാരിസ്.’ വിജയ് ആരാധകർക്ക് ആവേശമാവുന്ന ചേരുവകൾക്കൊപ്പം അതിമനോഹരമായ ഒരു കുടുംബ കഥയും ചിത്രത്തിലുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആഴമേറിയ അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും കൂടി കഥയാണ് ‘വാരിസ്.’
എപ്പോഴത്തെയും പോലെ സിനിമയിലുടനീളം നിറഞ്ഞു നിൽക്കുകയാണ് വിജയ്. ആക്ഷൻ രംഗങ്ങളിലും പാട്ടുകളിലുമുള്ള നടന്റെ സ്ക്രീൻ പ്രെസെൻസ് കണ്ടറിയേണ്ട അനുഭവം തന്നെയാണ്. എന്നാൽ വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂർത്തങ്ങൾക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നു. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകർക്ക് നൊമ്പരമായി മാറുന്നുണ്ട്. ഒരു സൂപ്പർതാരം എന്നതിനൊപ്പം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാരിസ് മാറുമെന്നുറപ്പാണ്.
സഹതാരങ്ങളായി എത്തിയ ശരത് കുമാർ, ജയസുധ, പ്രകാശ് രാജ് എന്നിവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ശരത് കുമാറിനും ജയസുധയ്ക്കുമൊപ്പമുള്ള വിജയിയുടെ രംഗങ്ങളൊക്കെ എടുത്ത് പറയേണ്ടതാണ്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന രംഗങ്ങളാണ് ഇവയിൽ പലതും. അതിഥി താരമായി എത്തി എസ്.ജെ സൂര്യയും ആരാധകരുടെ കൈയടി ഏറ്റുവാങ്ങുന്നു. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ കഥാപാത്രത്തിന് ഒരു പൂർണതയില്ലാതെ പോയത് മാത്രമാണ് ചിത്രത്തിലെ ഒരു ചെറിയ പോരായ്മയായി തോന്നിയത്. എങ്കിലും വിജയിയും രശ്മികയും ഒന്നിച്ചുള്ള ഗാനങ്ങളിലെ നൃത്തച്ചുവടുകളൊക്കെ തിയേറ്ററിൽ ആവേശം വിതറുകയാണ്.
തമന്റെ സംഗീതം തിയേറ്ററുകളിൽ ഉത്സവപ്രതീതിയാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്. ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും മികച്ചതായി അനുഭവപ്പെടുന്നതിൽ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. കാർത്തിക്ക് പളനിയുടെ ഛായാഗ്രഹണം മികവ് പുലർത്തുമ്പോൾ പ്രവീൺ കെ.എല്ലിന്റെ എഡിറ്റിംഗ് വലിയ പ്രശംസ അർഹിക്കുന്നുണ്ട്.
Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം
എങ്കിലും ചിത്രത്തിന്റെ മികവിന് ഏറ്റവും കൂടുതൽ കൈയടിയും പ്രശംസയും അർഹിക്കുന്നത് സംവിധായകൻ വംശി പൈഡിപ്പള്ളി തന്നെയാണ്. ഒരു ക്ലീൻ ഫാമിലി എന്റർടൈനറാണ് അദ്ദേഹം വിജയ് ആരാധകർക്ക് പൊങ്കൽ സമ്മാനമായി നൽകിയിരിക്കുന്നത്. വിജയിയുടെ പല കളക്ഷൻ റെക്കോർഡുകളും വാരിസ് തകർക്കുമെന്ന കാര്യത്തിലും സംശയമില്ല. ചിത്രത്തിന്റെ ഇൻറ്റർവെല്ലിന് മുൻപ് എഴുതി കാണിക്കുന്ന ഒരു ഡയലോഗാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബോസ് റിട്ടേൺസ്…
Story Highlights: Varisu movie review