ആദ്യ ദിനം വൻ ബുക്കിങ്ങുമായി വിജയ് ചിത്രം വാരിസിന്റെ റിസർവേഷൻ ആരംഭിച്ചു

January 7, 2023

വിജയ് ചിത്രം വാരിസിന് കേരളത്തിൽ വൻ വരവേൽപ്പ്. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടു. ജനുവരി 11 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം.

Read More: “എന്നിലെ നടൻ കാത്തിരുന്ന യാത്ര..”; മലൈക്കോട്ടൈ വാലിബനിൽ ഹരീഷ് പേരടിയും, സന്തോഷം പങ്കുവെച്ച് താരം

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി കേരളത്തിൽ ചിത്രം ജനുവരി 11ന് പ്രദര്‍ശനത്തിന് എത്തും. ഹരിപിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Story Highlights: Varisu reservation started