‘വാരിസ്’ ഫാൻസ്‌ ഷോ കാണാൻ വിജയിയുടെ അമ്മയും; ചിത്രങ്ങൾ വൈറലാവുന്നു

January 11, 2023

വിജയ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. പൊങ്കൽ റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ചേരുവകളൊക്ക ചേർത്ത ഒരു മാസ് സിനിമയാണ് ‘വാരിസ്.’ മാസ് സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിക്കുകയാണ് വാരിസെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ വിജയ് ആരാധകർക്കായുള്ള ഫാൻസ്‌ ഷോ കാണാനെത്തിയ വിജയിയുടെ അമ്മയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ഗണേഷ് വെങ്കട്ടരാമനും ഭാര്യയ്ക്കുമൊപ്പമാണ് വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ സിനിമ കാണാനെത്തിയത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം കൂടിയാണ് ‘വാരിസ്.’ ഗണേഷ് വെങ്കട്ടരാമന്റെ ഭാര്യ നിഷാ ഗണേഷാണ് വിജയിയുടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേ സമയം മികച്ച പ്രകടനമാണ് നടൻ വിജയ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലും പാട്ടുകളിലുമുള്ള നടന്റെ മികവ് കണ്ടറിയേണ്ട അനുഭവം തന്നെയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂർത്തങ്ങൾക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നു. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകർക്ക് നൊമ്പരമായി മാറുന്നുണ്ട്. ഒരു സൂപ്പർതാരം എന്നതിനൊപ്പം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാരിസ് മാറുമെന്നുറപ്പാണ്.

Read More: ‘ബോസ് റിട്ടേൺസ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്-റിവ്യൂ

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ സൂര്യയും എത്തുന്നുണ്ട്. രശ്‌മിക മന്ദാന, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Story Highlights: Vijay’s mother watched varisu fans show