ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി താരമായി അല്ലു അർജുൻ എത്തുന്നുവെന്ന് സൂചന
ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പഠാന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘ജവാൻ.’ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻതാര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ചിത്രത്തിൽ അതിഥി താരമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഒരു അതിഥി വേഷത്തിനായി അറ്റ്ലി അല്ലുവിനെ സമീപിച്ചുവെന്നും താരത്തിന്റെ മറുപടിക്കായി ജവാന്റെ അണിയറ പ്രവർത്തകർ കാത്തിരിക്കുകയാണെന്നുമാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അല്ലുവിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ജവാൻ.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിലുള്ള സന്തോഷം അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള് സാക്ഷാത്കരിക്കുന്നു. ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്ക്ക് വളരെ പ്രത്യേകതയുള്ള ചിത്രമായിരിക്കും’ അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ അനിരുദ്ധ് ഷാരൂഖ് ഖാനെയും സംവിധായകൻ അറ്റ്ലിയെയും ടാഗ് ചെയ്തിരുന്നു.
അതേ സമയം പഠാന്റെ കളക്ഷൻ 1000 കോടിയിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.
Story Highlights: Allu arjun to play cameo role in jawan