സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം നാളെ; തത്സമയ സംപ്രേഷണവുമായി ഫ്‌ളവേഴ്‌സ് ടിവി
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമായി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. നാളെയാണ് മലയാള സിനിമ താരങ്ങൾ അണിനിരക്കുന്ന സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. കേരളം തെലുങ്ക് വാരിയേഴ്‌സിനെയാണ് നേരിടുന്നത്. നാളെ ഉച്ചയ്ക്ക് 2.30 നാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനാണ് സീ ത്രീ കേരള സ്‌ട്രൈക്കേഴ്‌സിന്റെ നായകൻ. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.
റായ്പൂരിൽ വെച്ചാണ് നാളെ മത്സരം നടക്കുന്നത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്.
Read More: മഞ്ജു വാര്യർ ഇനി പുത്തൻ ബൈക്കിൽ പായും; ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി താരം-വിഡിയോ
അതേ സമയം ചെന്നൈ റൈനോസും കർണാടക ബുൾഡോസേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ഇത്തവണത്തെ സിസിഎൽ ആരംഭിച്ചിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് താര ക്രിക്കറ്റിന് വീണ്ടും തുടക്കമായിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.
Story Highlights: CCL live telecast from flowers tv