ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

February 20, 2023

ഇന്നലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരളത്തിന്റെ ആദ്യ മത്സരം കാണാനിരുന്ന പ്രേക്ഷകരൊക്കെ ഒന്ന് അമ്പരന്നിരുന്നു. ടി 20 മത്സരമാണ് നടന്നതെങ്കിലും തീർത്തും വ്യത്യസ്‌തമായ നിയമങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 10 ഓവറുകൾ വീതമുള്ള 4 ഇന്നിങ്‌സുകളാണ് ഇരു ടീമുകളും കൂടി കളിച്ചത്. ടെസ്റ്റിലെ ചില നിയമങ്ങൾ കൂടി ഉൾക്കൊണ്ടുള്ള ഒരു പുതിയ ഫോർമാറ്റിലാണ് സിസിഎൽ മത്സരങ്ങൾ അരങ്ങേറുന്നത്.

20 ഓവറുകളാണ് ഇരു ടീമുകളും കളിക്കേണ്ടത്. എന്നാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 10 ഓവർ പൂർത്തിയായതിന് ശേഷം ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കും. പിന്നീട് എതിർ ടീം 10 ഓവറിനായി ഇറങ്ങും. ലക്ഷ്യം മറികടന്നാലും ടീം ജയിക്കില്ല. പിന്നീട് ആദ്യ ടീമിന് വീണ്ടും 10 ഓവർ കൂടി ലഭിക്കും. ബാക്കി നിയമങ്ങളൊക്കെ ടെസ്റ്റിലെ പോലെ തന്നെയാണ്. രണ്ട് ഇന്നിങ്‌സുകളിലും മികവ് കാട്ടിയാൽ മാത്രമേ ഒരു ടീമിന് ജയിക്കാനാവൂ.

അതേ സമയം തോൽവിയോടെയാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടങ്ങിയിരിക്കുന്നത്. 64 റൺസിന്റെ കനത്ത പരാജയമാണ് ഇന്നലെ കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. രാജീവ് പിള്ള ഒഴികെ ആർക്കും മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം രണ്ട് ഇന്നിങ്‌സുകളിലും അർധ സെഞ്ചുറി നേടിയ തെലുങ്ക് നായകൻ അഖിൽ അക്കിനേനിയുടെ തകർപ്പൻ പ്രകടനമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്.

Read More: അല്ലിയുടെ ബ്രേക്ക്ഫാസ്റ്റിന് കാത്തുനിൽക്കുന്ന സൊറോ- വിഡിയോ

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു.

Story Highlights: CCL rules