ക്രിസ്റ്റഫറുടെ ചരിത്രം; ആവേശമുണർത്തി മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത്തെ ടീസറെത്തി

February 4, 2023

വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ക്രിസ്റ്റഫറിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റ രണ്ടാമത്തെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾക്കൊക്കെ പ്രേക്ഷകരുടെയിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനയ് റായിയുടെ പോസ്റ്ററാണ്.

‘ദി ആന്റഗോണിസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് താരത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ മുഖം വ്യക്തമാകാത്ത രീതിയിലാണ് പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്‌. മിഷ്‌കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. നേരത്തെ നടി അമല പോളിന്റെ ക്യാരക്ടർ പോസ്റ്ററും റിലീസ് ചെയ്‌തിരുന്നു. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

Read More: ‘മമ്മ എനിക്ക് സ്പെഷ്യലാണ്, എന്തുകൊണ്ടെന്നാൽ..’- സുപ്രിയയ്ക്ക് അല്ലിയുടെ കത്ത്

ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയ്‌കൃഷ്‌ണയും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. എറണാകുളവും വണ്ടിപ്പെരിയാറും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് മനോജും നിർവഹിക്കും. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കും.

Story Highlights: Christopher second teaser released