ക്രിസ്റ്റിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

February 12, 2023

കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ക്രിസ്റ്റിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 30 ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ ട്രെയ്‌ലർ കണ്ടിരിക്കുന്നത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ആദ്യ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “പാൽമണം തൂകുന്ന രാതെന്നൽ..” എന്ന ഗാനം റിലീസ് ചെയ്‌തത്‌. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റെ വരികൾ കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവിക മോഹനന്റെ തിരിച്ചുവരവിന് കൂടി ക്രിസ്റ്റി കാരണമാവുന്നു.ഭീഷ്മ പർവം പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ്, ഊർമിള കൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

ഫെബ്രുവരിയിൽ 17 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് – ഹുവൈസ് മാക്സോ.

Story Highlights: Christy trailer released