വാലന്റൈൻസ് ഡേ സമ്മാനമായി ‘ഹൃദയം’; പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ്

February 10, 2023

കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് വിനീത് ശ്രീനിവാസൻ ചിത്രത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്‌തിരിക്കുകയാണ്. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുന്നത്. കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവടങ്ങളിലാണ് ചിത്രം റീ റിലീസിന് എത്തിയത്. ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രമണ്യമാണ് ചിത്രത്തിന്റെ റീ റിലീസിനെ പറ്റി ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതേ സമയം ഹൃദയത്തിലെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

2022 ജനുവരി 21 നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

Story Highlights: Hridayam re release