“രാജുവിനെ കണ്ട് കരഞ്ഞു പോയി..”; ആടുജീവിതത്തിലെ പൃഥ്വിരാജിനെ പറ്റി മല്ലിക സുകുമാരൻ

February 20, 2023

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ബെന്യാമിന്റെ പ്രശസ്‍ത നോവലിനെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ പൃഥ്വിയുടെ മേക്കോവറിനെ പറ്റി താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാവുന്നത്. ആടുജീവിതത്തിനായി ശരീരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന താരത്തെ കണ്ട് താൻ കരഞ്ഞു പോയെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ഏറെ മെലിഞ്ഞ് അസ്ഥികൂടം പോലെ ആയ പൃഥ്വി പക്ഷെ അതിലും അവശനായ നിലയിലുള്ള ചിത്രങ്ങൾ തന്നെ കാണിച്ചിട്ടില്ല. ബ്ലെസിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ആടുജീവിതമെന്നും അതിനായി അദ്ദേഹവും പൃഥ്വിയും ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

Read More: അല്ലിയുടെ ബ്രേക്ക്ഫാസ്റ്റിന് കാത്തുനിൽക്കുന്ന സൊറോ- വിഡിയോ

അതേ സമയം കാപ്പയാണ് പൃഥ്വിരാജിന്റേതായി അവസാനമായി റിലീസ് ചെയ്‌ത ചിത്രം. വലിയ വിജയമാണ് ‘കാപ്പ’ നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജ് ചിത്രം മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്. ഡിസംബർ 22 നാണ് ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്‌തിപ്പെടുത്തുന്ന സിനിമാറ്റിക് അനുഭവമാണ് കാപ്പ നൽകിയത്.

Story Highlights: Mallika sukumaran about prithviraj in aadujeevitham